ചടയമംഗലത്ത് പിടിച്ചുപറി കേസിലെ പ്രതിയെ കോടതി വെറുതെവിട്ടു
text_fieldsകൊട്ടാരക്കര: അർധരാത്രിയിൽ ചടയമംഗലം, ആയൂർ പ്രദേശങ്ങളിൽ എം.സി റോഡിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി കത്തികാട്ടി പിടിച്ചുപറി നടത്തിയ സംഭവത്തിൽ ചടയമംഗലം പൊലീസ് രജിസ്റ്റർ ചെയ്ത മൂന്നു കേസുകളിലും പ്രതിയെ വെറുതെവിട്ടു. വടിവാൾ വിനീത് എന്നറിയപ്പെടുന്ന മാവേലിക്കര സ്വദേശി വിനീതിനെയാണ് കൊട്ടാരക്കര അഡീഷനൽ സെഷൻസ് കോടതി ജഡ്ജി സന്ദീപ് കൃഷ്ണ വെറുതെവിട്ടത്.
2021 ജനുവരി 14നാണ് കേസിനാസ്പദമായ സംഭവം. ചടയമംഗലം ബ്ലോക്ക് ഓഫിസിൽ സമീപം അറഫ ഫിഷ് മാർക്കറ്റിന് മുന്നിൽവെച്ച് പെട്ടിഓട്ടോ തടഞ്ഞുനിർത്തി ഷാജി എന്നയാളിനെ കത്തികാണിച്ചു മൊബൈൽ ഫോണും 2130 രൂപയും പിടിച്ചുപറിച്ചിരുന്നു.
മണിക്കൂറിനുള്ളിൽ പുലിക്കോട് ജുമാ മസ്ജിദിന് മുൻവശം മത്സ്യവുമായി വന്ന പെട്ടിഓട്ടോ തടഞ്ഞ് ഡ്രൈവറെ കത്തി കാണിച്ച് 500 രൂപയും കൈക്കലാക്കി. ശേഷം ആയൂർ ശിൽപ ബാറിന് മുൻവശം കാർ തടഞ്ഞുനിർത്തി കത്തി കാണിച്ചു ഡ്രൈവറെ വലിച്ചു പുറത്തിട്ട് കാർ തട്ടിയെടുത്തു കടന്നുകളഞ്ഞു. ഈ മൂന്ന് സംഭവങ്ങളിലാണ് വടിവാൾ വിനീതിനെ പ്രതിയാക്കി ചടയമംഗലം പൊലീസ് കേസെടുത്തത്.
കേസ് അന്വേഷണത്തിൽ പൊലീസിന് വീഴ്ച വന്നിട്ടുള്ളതായി പ്രതിഭാഗം വാദിച്ചു. കുറ്റം സംശയാതീതമായി തെളിയിക്കുന്നതിന് പ്രോസിക്യൂഷന് കഴിഞ്ഞിെല്ലന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതിയെ വെറുതെവിട്ടത്. കേസ് അന്വേഷണത്തിൽ ചടയമംഗലം പൊലീസിന് വന്നിട്ടുള്ള വീഴ്ചയെ സംബന്ധിച്ച് സംസ്ഥാന പൊലീസ് ചീഫിന് വിധിപ്പകർപ്പുകൾ അയച്ചുകൊടുക്കാനും മേലിൽ ഇത്തരത്തിലുള്ള വീഴ്ചകൾ ഉണ്ടാകാതിരിക്കാൻ വേണ്ട നിർദേശങ്ങൾ നൽകണമെന്നും വിധിയിൽ പരാമർശമുണ്ട്.
പ്രതിയെ സാക്ഷികൾക്ക് തിരിച്ചറിയാവുന്ന തരത്തിൽ ദൃശ്യ മാധ്യമങ്ങളിലും മറ്റും ചിത്രങ്ങൾ പ്രചരിച്ചതാണ് പൊലീസിന്റെ വീഴ്ചയായി കോടതി കണ്ടെത്തിയത്. പ്രതിഭാഗത്തിനുവേണ്ടി അഡ്വ. കുന്നത്തൂർ ബിനീഷ് എസ്. പിള്ള ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.