കൊട്ടാരക്കര നഗരസഭ ശൗചാലയം തകർന്നു
text_fieldsകൊട്ടാരക്കര: രണ്ടുമാസം മുമ്പ് വിവാദ ഉദ്ഘാടനം നടത്തിയ കൊട്ടാരക്കര നഗരസഭ ശൗചാലയത്തിന്റെ മുകൾ ഭാഗത്തെ കൽത്തിട്ടയും ടാങ്കും തകർന്നു. വെള്ളിയാഴ്ച വെളുപ്പിനായിരുന്നു സംഭവം. 2022 ഡിസംബർ 12 ന് കേന്ദ്ര ശുചിത്വമിഷന്റെ എട്ടു ലക്ഷത്തോളം രൂപ മുടക്കി നിർമിച്ച ശൗചാലയമാണ് തകർന്നത്.
കോൺക്രീറ്റ് സ്ലാബില്ലാതെ കട്ട വെച്ച് അതിന്റെ മുകളിലായിരുന്നു 1000 ലിറ്റർ ടാങ്ക് വെച്ചിരുന്നത്. ഹരിത കർമ സേനയുടെ മാലിന്യം ശേഖരിക്കുന്ന കൂടിന്റെ സമീപത്തായാണ് കട്ടകൾ വീണത്. കഴിഞ്ഞ മാസം12 ന് മുൻ നഗരസഭ ചെയർമാൻ എ. ഷാജു ഉദ്ഘാടനം ചെയ്യാൻ രാവിലെ ശൗചാലയത്തിൽ എത്തിയപ്പോൾ വെള്ളം മുറ്റത്ത് കൂടി ഒഴുകുകയായിരുന്നു. തുടർന്ന് ചെയർമാൻ ഉദ്ഘാടനം നടത്താതെ തിരിച്ചുപോയി.
പിന്നീട് കോൺട്രാക്ടറെത്തി അറ്റകുറ്റപണി ചെയ്ത് അന്ന് വൈകുന്നേരമാണ് ഉദ്ഘാടനം നടത്തിയത്. ഇപ്പോൾ കോൺക്രീറ്റ് പലയിടത്തും താഴ്ന്ന് ഇളകിയ നിലയിലാണ്. പ്ലാസ്റ്റിക് കൊണ്ടാണ് സെപ്റ്റിക് ടാങ്കിന്റെ മുകൾഭാഗം അടച്ചിരിക്കുന്നത്. തകർന്ന ശൗചാലയം സന്ദർശിക്കാൻ നഗരസഭ ചെയർമാൻ എസ്.ആർ രമേശ്, സെക്രട്ടറി പ്രദീപ്, എ.ഇ എന്നിവർ എത്തി.
ഇതിനിടെ ബി.ജെ.പി പ്രവർത്തകരുമായി വാക്കേറ്റവും നടന്നു. ഉദ്യോഗസ്ഥർ സഞ്ചരിച്ച കാർ തടയുമെന്ന അവസ്ഥയിലേക്കും കാര്യങ്ങളെത്തി. സംഭവുമായി ബന്ധപ്പെട്ട് വിജിലൻസിന് പരാതി കൊടുക്കാനിരിക്കുകയാണ് ബി.ജെ.പി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.