സെക്യൂരിറ്റി ജീവനക്കാരന്റെ തല പൊട്ടിച്ചു: കൊട്ടാരക്കര താലൂക്കാശുപത്രിയിൽ വീണ്ടും അക്രമം
text_fieldsകൊട്ടാരക്കര: കൊട്ടാരക്കര താലൂക്കാശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച സംഭവത്തിൽ യുവാവ് പിടിയിലായി. പനവേലി തെക്കേക്കര ഇരണൂർ ചരുവിള വീട്ടിൽ സജു ഡാനിയേൽ (40) ആണ് പിടിയിലായത്. താലൂക്കാശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ കുന്നിക്കോട് ജിജു ഭവനിൽ ജിജു കെ. ബേബിയുടെ (47) തലക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ 8.30 ഓടെ താലൂക്കാശുപത്രിക്ക് മുന്നിലായിരുന്നു സംഭവം. ആശുപത്രിയിൽ ഒ.പി ടിക്കറ്റ് എടുക്കാൻ വന്നതാണ് സാബു. ലോട്ടറി വിൽപനക്കായി വേഗം പോകണമെന്നും ഒ.പി ടിക്കറ്റ് നേരത്തേ നൽകണമെന്നും ആവശ്യപ്പെട്ടു. ഇതിന് അധികൃതർ സമ്മതിച്ചില്ല.
കൗണ്ടറിൽ തിരക്കായതിനാൽ ഇയാൾ വരിതെറ്റിച്ച് പുതിയ വരിയുണ്ടാക്കാൻ ശ്രമിച്ചു. ഇത് ചോദ്യം ചെയ്ത കൗണ്ടറിലെ ജീവനക്കാരിയോട് മോശമായി സംസാരിച്ചു. കൗണ്ടർ ഭാഗത്ത് തടസ്സമുണ്ടായതോടെ സെക്യൂരിറ്റി ജീവനക്കാർ എത്തി. ഇതോടെ സാബു സെക്യൂരിറ്റി ജീവനക്കാരോട് കയർത്തു. പെട്ടെന്ന് മടങ്ങാൻ വേണ്ടി കാഷ്വൽറ്റിയിൽ കൊണ്ടുപോയി ഒ.പിയെടുത്ത് തരാമെന്ന് സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞെങ്കിലും അതിന് തയാറായില്ല. തുടർന്ന് സെക്യൂരിറ്റി ജീവനക്കാരനെ അസഭ്യം പറഞ്ഞ് ആക്രമിക്കാൻ തുടങ്ങി. ഏറെ സാഹസപ്പെട്ട് സെക്യൂരിറ്റി ജീവനക്കാർ ഇയാളെ പിടിച്ചുവെക്കുകയും വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ കൊട്ടാരക്കര പൊലീസ് അക്രമം കാണിച്ചയാളെ പിടികൂടാൻ തയാറാകാതെ വെറുതെവിട്ടു. പൊലീസ് മടങ്ങിപ്പോയപ്പോൾ ഒളിച്ചിരുന്ന അക്രമി സെക്യൂരിറ്റി ജീവനക്കാരനായ ജിജുവിനെ പിന്നിലൂടെ വന്ന് പാറ കൊണ്ട് തലക്ക് ഇടിക്കുകയായിരുന്നു. ശേഷം ഓടി രക്ഷപ്പെട്ടു. തുടർന്ന് പൊലീസ് ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. സംഭവമായി ബന്ധപ്പെട്ട് താലൂക്കാശുപത്രിയിലെ മുഴുവൻ ജീവനക്കാരും ഒരു മണിക്കൂർ പ്രതിഷേധിച്ചു.
സുരക്ഷയില്ലാതെ വീണ്ടും താലൂക്കാശുപത്രി
കൊട്ടാരക്കര: ഡോ. വന്ദനാദാസ് കൊലചെയ്യപ്പെട്ട കൊട്ടാരക്കര താലൂക്കാശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാർക്കുപോലും സുരക്ഷയില്ലെന്നായി. വന്ദനാദാസിന്റെ കൊലപാതകശേഷം ആറ് സെക്യൂരിറ്റി ജീവനക്കാരെയാണ് ഇവിടെ നിയോഗിച്ചത്. എന്നാൽ, ചികിത്സിക്കാൻ വരുന്നതിൽ ചിലർ സെക്യൂരിറ്റി ജീവനക്കാരെപോലും അകാരണമായി മർദിക്കുന്ന സ്ഥിതിയാണ്. ഒരു മാസം മുമ്പ് രോഗി കൈയിൽ കരുതിയ ബ്ലേഡ് ജീവനക്കാരുടെ നേരെ വീശിയിരുന്നു. മദ്യപിച്ചെത്തുന്നവരാണ് പലപ്പോഴും അക്രമകാരികളാകുന്നത്. ഡോക്ടർമാരടക്കമുള്ള ജീവനക്കാരും രോഗികളും ഇതിനാൽ ഏറെ ഭയപ്പെടുന്ന സ്ഥിതിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.