മോഷണംപോയ ബൈക്ക് നാലുവർഷത്തിനു ശേഷം കിട്ടി
text_fieldsകൊട്ടാരക്കര: നാലു വർഷം മുമ്പ് മോഷണം പോയ ബൈക്ക് തിരികെ കിട്ടി. മാറനാട് ദ്വാരകയിൽ ബച്ചൻ കൃഷ്ണന്‍റെ ബൈക്കാണ് കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽനിന്ന് തിരികെ കിട്ടിയത്. 2018 നവംബർ 27നാണ് ബൈക്ക് മോഷണം പോയത്.
രണ്ടുപേർ വീട്ടുമുറ്റത്തുനിന്ന് ബൈക്കുമായി പോകുന്ന സി.സി ടി.വി ദൃശ്യം ഉൾപ്പെടെ അന്ന് എഴുകോൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ, ബൈക്ക് കണ്ടുകിട്ടിയില്ല. കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിൽനിന്ന് ബച്ചൻ കൃഷ്ണന് രേഖകളുമായെത്തി ബൈക്ക് കൈപ്പറ്റണമെന്ന അറിയിപ്പ് ലഭിച്ചു. വിദേശത്തായതിനാൽ രേഖകളുമായി സുഹൃത്തിനെ വിട്ട് ബൈക്ക് ഏറ്റുവാങ്ങുകയായിരുന്നു.
വാഹന പരിശോധനക്കിടെ പിടിച്ചെടുത്തതാണെന്നും ബൈക്കിനായി ആരും എത്താത്തതിനാൽ തുടർ നടപടികളുടെ ഭാഗമായി ഉടമക്ക് കത്ത് അയക്കുകയായിരുന്നെന്നുമാണ് പൊലീസ് നൽകുന്ന വിവരം. വിവരം ഇതുവരെ ഉടമയെ അറിയിക്കാതിരുന്നതിന് വ്യക്തമായ മറുപടി ലഭിക്കാത്തതിനാൽ പരാതി നൽകുമെന്ന് ബച്ചൻ കൃഷ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.