മൂന്ന് ജീവൻ രക്ഷിച്ച് മൂവർ സംഘം
text_fieldsകൊട്ടാരക്കര: ഒരു ജീവൻ പൊലിഞ്ഞെങ്കിലും മൂന്ന് ജീവൻ കൈയെത്തിപിടിക്കാൻ കഴിഞ്ഞ സംതൃപ്തിയിലാണ് മൂന്ന് യുവാക്കൾ. കരീപ്ര നെടുമൺകാവ് കൽച്ചിറ ആറിൽ ഒരു യുവാവ് മുങ്ങി മരിച്ച സംഭവത്തിൽ ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെയാണ് ഇവർ രക്ഷിച്ചത്.
നെടുമൺകാവ് ഉളകോട് സ്വദേശികളായ വിളയിൽ പുത്തൻവീട്ടിൽ വൈഷ്ണവ്, മാടൻ തടത്തിൽ രാഹുൽ, ബിനു മന്ദിരത്തിൽ വിനീത് എന്നിവർ ചേർന്നാണ് മരണത്തോട് മല്ലടിച്ച് മുങ്ങിത്താഴുന്നവരെ രക്ഷിച്ചത്. കുളിക്കാനെത്തിയ മൂന്ന് യുവാക്കൾ ഇവരുടെ അടുക്കലിലേക്ക് ചാടി ഇറങ്ങി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.
ഇവർ ആറിൽ കുളിച്ചു കൊണ്ടിരിക്കെയാണ് മുകളിൽ നിന്നുള്ള പാറകെട്ടിൽ നിന്ന് നാല് പേർ ഇറങ്ങിവന്നത്. ജലാശയത്തിൽ മുന്നോട്ട് നടന്ന് നീങ്ങിയപ്പോൾ മൂന്നാൾ പൊക്കത്തിലുള്ള വെള്ളത്തിൽ നാല് പേരും അകപ്പെടുകയായിരുന്നു. നിലവിളി കേട്ടാണ് ഇവർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്.
വെളിച്ചിക്കാല ആദിച്ചനല്ലൂർ കെട്ടിടത്തിൽ പുത്തൻ വീട്ടിൽ സൈഫുദ്ദീൻ (23), മയ്യനാട് അഹലാന്റെ വീട്ടിൽ അൽത്താരിഫ് (23), വാക്കനാട് കുന്നത്ത് ചരുവിള വീട്ടിൽ റാഷിദ് (23) എന്നിവരെയാണ് പ്രദേശവാസികളായ ചെറുപ്പക്കാർ രക്ഷപ്പെടുത്തിയത്. ഒപ്പമുണ്ടായിരുന്ന മിഥുനെ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും തോളിൽ നിന്ന് പിടി വിട്ട് അഗാധമായ കയത്തിൽ അകപ്പെടുകയായിരുന്നു.
രണ്ട് വർഷം മുമ്പ് ഇവിടെ നിന്ന് 50 മീറ്റർ അകലെയുള്ള ആറിന്റെ തീരത്ത് നിന്ന കരിക്കോട് ടി.കെ.എം എജിനീയറിങ് കോളജിലെ രണ്ട് വിദ്യാർത്ഥികൾ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ തട്ടി ഷോക്കേറ്റ് മരിച്ചു. ഒരു വർഷം മുമ്പ് ഗുരുദേവ സ്കൂളിലെ വിദ്യാർഥി മുങ്ങിമരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.