കനാലുകൾ ശുചീകരിക്കാൻ പണമില്ല; ജലവിതരണം ഇത്തവണയും കുറയും
text_fieldsകൊട്ടാരക്കര: കെ.ഐ.പി കനാലുകൾ ശുചീകരിക്കാൻ തയാറാകാതെ തദ്ദേശ സ്ഥാപനങ്ങൾ. കനാലിലൂടെ ജലമൊഴുക്ക് ഭാഗികമാകുമെന്നാണ് സൂചന.
കനാലുകളുടെ പല ഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. വാർഷിക അറ്റകുറ്റപ്പണിക്കായി 4.30 കോടിയാണ് സർക്കാർ അനുവദിച്ചത്. മെയിൻ കനാലിൽ ഉൾപ്പെടെ തകരാറുകളുണ്ട്. ഇവ പരിഹരിച്ച ശേഷം ബാക്കിയുള്ള തുകയാണ് ശുചീകരണത്തിന് ഉപയോഗിക്കുന്നത്. ശുചീകരണത്തിന് മാത്രം കുറഞ്ഞത് എട്ടുകോടി വേണമെന്നാണ് അധികൃതർ പറയുന്നത്.
മൂന്നു വർഷമായി കനാലുകളിൽ ശുചീകരണം നടക്കുന്നില്ല. പാഴ്മരങ്ങൾ വളർന്ന് കാടുകയറിയ നിലയിലാണ് പല മേഖലകളും. നീർപാലങ്ങളിലും വിള്ളലുകളുണ്ട്. ചോർച്ചയും വ്യാപകമാണ്.
36 വർഷം മുമ്പ് കമീഷൻ ചെയ്തതാണ് കനാൽ. പിന്നീട്, കാര്യമായ സംരക്ഷണ നടപടിയുണ്ടായില്ല. വേനലിൽ തെക്കൻ ജില്ലകളിലെ കൃഷിയെ സംരക്ഷിക്കുന്നത് കനാലിൽ നിന്നുള്ള വെള്ളമാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി 911.889 കി.മീ നീളത്തിൽ വ്യാപിച്ചുകിടക്കുന്നതാണ് കല്ലട ജലസേചന പദ്ധതി കനാൽ.
തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളെ ഉപയോഗിച്ച് കനാൽ ശുചീകരിക്കണമെന്നാവശ്യപ്പെട്ട് തദ്ദേശ സ്ഥാപനങ്ങൾക്ക് കത്ത് അയച്ചിരുന്നു. അനുകൂലമായി തദ്ദേശ സ്ഥാപനങ്ങൾ പ്രതികരിച്ചില്ലെന്നാണ് വിവരം. വരുന്ന ജലക്ഷാമത്തെ നേരിടാൻ ശുചീകരണ പ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.