തെരുവുനായ് ശല്യത്തിനു പരിഹാരമില്ല; വിദ്യാർഥികളടക്കം ഭീതിയിൽ
text_fieldsകൊട്ടാരക്കര: മിനർവ ജങ്ഷനിൽനിന്നുള്ള ചെന്തറ റോഡിൽ തെരുവുനായ് ശല്യം കാരണം കാൽ നടക്കാർക്കും ഇരുചക്ര വാഹനയാത്രക്കാർക്കും സഞ്ചരിക്കാൻ കഴിയാതായി. പത്തും ഇരുപതും തെരുവുനായ്ക്കളാണ് കൂട്ടമായി റോഡിലൂടെ വിഹരിക്കുന്നത്. സ്കൂൾ തുറന്നതോടെ കൊച്ചുകുട്ടികൾ ഉൾപ്പെടെ ഈ നായ്ക്കളുടെ മുന്നിലൂടെയാണ് സ്കൂളിലേക്കും മറ്റും പോകുന്നത്. ഈ നായ്ക്കൂട്ടം വീടിന്റെ മതിലുകൾ ചാടിക്കയറി പോകുന്നതും ഇവിടത്തെ നിത്യ കാഴ്ചയാണ്.
ഇടറോഡ് ആയതിനാൽ ഇരുചക്രവാഹനങ്ങൾ ധാരാളം സഞ്ചരിക്കുന്ന വഴി കൂടിയാണിത്. കൊട്ടാരക്കര ഗണപതി ക്ഷേത്രം, മുസ്ലിം ജമാ അത്ത് പള്ളി എന്നിവിടങ്ങളിലേക്ക് അതിരാവിലെ പോകുന്നവർ ഈ റോഡിലൂടെ ഭയന്നാണ് കടന്നുപോകുന്നത്.
ഈ പരിസരങ്ങളിലും മറ്റും നിക്ഷേപിക്കുന്ന മാംസാവശിഷ്ടങ്ങളാണ് നായ്ക്കൂട്ടങ്ങളെ ഇവിടേക്ക് ആകർഷിക്കുന്നത്. നായ്ക്കളുടെ കടിയേറ്റ് ദിവസവും കൊട്ടാരക്കര താലൂക്കാശുപത്രിയിൽ എത്തുന്നത് നിരവധി പേരാണ്. തെരുവുനായ് പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്ന ആവശ്യം ശക്തമാണ്.
ഓയൂരിൽ ഏഴുപേർക്ക് തെരുവുനായുടെ കടിയേറ്റു
ഓയൂർ: ഓയൂർ ടൗണിൽ ബസ് കാത്ത് നിന്നവർ ഉൾപ്പെടെ ഏഴുപേർക്ക് തെരുവുനായുടെ കടിയേറ്റു. ബുധനാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു സംഭവം. ഓയൂർ പാറയിൽ ഭാഗത്തും നിരവധി തെരുവു നായ്ക്കൾക്കും വളർത്തു മൃഗങ്ങൾക്കും പേപ്പട്ടിയുടെ കടിയേറ്റു.
പേപ്പട്ടികളുടെയും തെരുവുനായ്ക്കളുടെയും ശല്യം കാരണം ആളുകൾക്ക് പുറത്തിങ്ങി നടക്കാനോ വളർത്തുമൃഗങ്ങളെയും കോഴി, താറാവ് എന്നിവയെയും കൂടിന് പുറത്തിറക്കാൻ കഴിയാത്ത അവസ്ഥയാണ്. തെരുവുനായ് ശല്യത്തിന് അറുതി വരുത്താൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.