ഓണക്കാലം; പുത്തൂരിൽ ഗതാഗത നിയന്ത്രണം നടപ്പാക്കും
text_fieldsകൊട്ടാരക്കര : ഓണക്കാല തിരക്കു കണക്കിലെടുത്ത് പുത്തൂർ ടൗണിൽ ഗതാഗത പരിഷ്ക്കാരം നടപ്പാക്കാൻ പുത്തൂർ പൊലീസ് സ്റ്റേഷനിൽ വിളിച്ചു ചേർന്ന യോഗം തീരുമാനിച്ചു. അടുത്ത മാസം 5 മുതൽ 20 വരെയാണ് പരിഷ്കരണം. പ്രധാന തീരുമാനങ്ങൾ: വ്യാപാര സ്ഥാപന ഉടമകളും ജീവനക്കാരും അവരുടെ വാഹനങ്ങൾ റോഡരികിൽ സ്ഥിരമായി പാർക്ക് ചെയ്യരുത്. കടകളിലെ സാധനങ്ങൾ ഫുട്പാത്തിലേക്ക് ഇറക്കിവയ്ക്കരുത്. ബസുകൾ സ്റ്റോപ്പുകളിൽ തന്നെ നിർത്തണം. കൂടുതൽ സമയം നിർത്തിയിടാൻ അനുവദിക്കില്ല.
ബഥനി ജങ്ഷൻ മുതൽ ആലയ്ക്കൽ വരെ ടൗണിൽ വഴിയോരക്കച്ചവടം ഓണക്കാലത്ത് അനുവദിക്കില്ല. രാവിലെ 8.30 മുതൽ 11 വരെയും വൈകിട്ട് 3 മുതൽ 8 വരെയും ടൗണിൽ ചരക്ക് വാഹനങ്ങളിലെ കയറ്റിറക്ക് അനുവദിക്കില്ല. പാഴ്സൽ കണ്ടെയ്നറുകൾ നിർത്തിയിടാൻ പ്രത്യേക സ്ഥലം അനുവദിക്കും. ഓണക്കാലത്ത് വലിയ വാഹനങ്ങൾ ടൗണിൽ പ്രവേശിക്കാതെ തിരിച്ചുവിടും. ചെല്ലം തിയറ്റർ ഗ്രൗണ്ട്, ചേരിയിൽ ക്ഷേത്ര മൈതാനം, പുത്തൂർ വലിയ പള്ളി ഗ്രൗണ്ട് എന്നിവിടങ്ങളിൽ താത്ക്കാലിക പാർക്കിങ് സൗകര്യം ഉണ്ടാവും, ടൗണിൽ സൗകര്യമുള്ള സ്വകാര്യ പുരയിടങ്ങളിലും പാർക്കിങ്ങിന് സൗകര്യം ഏർപ്പെടുത്തും.
ഇൻസ്പെക്ടർ എസ്. എച്ച്.ഒ സി . ബാബുക്കുറുപ്പ് അധ്യക്ഷത വഹിച്ചു. നെടുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ ജ്യോതി, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷരായ കോട്ടയ്ക്കൽ രാജപ്പൻ, എ. സൂസമ്മ ,എസ്.ഐമാരായ ടി.ജെ ജയേഷ്, എസ്. ഭാസി , ഒ. പി. മധു, വ്യാപാരി-വ്യവസായി പ്രതിനിധികളായ ഡി. മാമച്ചൻ, ബി. പ്രശാന്ത്, കമ്പിളിധരൻ പിള്ള, ഡ്രൈവേഴ്സ് യൂനിയൻ, ചുമട്ടുതൊഴിലാളി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.