വാറ്റുചാരായ നിർമാണം കൊഴുക്കുന്നു; കർശന നടപടികളുമായി അധികൃതർ
text_fieldsകൊട്ടാരക്കര: വീട്ടിൽ ചാരായം വാറ്റി വിൽപന നടത്തിവരുകയായിരുന്ന മൂന്ന് യുവാക്കളെ കൊട്ടാരക്കര എക്സൈസ് അറസ്റ്റ് ചെയ്തു. കോട്ടാത്തല പനവിള ഭാഗത്ത് ചരുവിള കിഴക്കേതിൽവീട്ടിൽ വിഷ്ണു (28), കോട്ടാത്തല സുമതിവിലാസംവീട്ടിൽ ഷൈജു(34), ചരുപുറത്തുവീട്ടിൽ വിപിൻ (27) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് അഞ്ച് ലിറ്റർ ചാരായവും 45 മീറ്റർ കോടയും 20 ലിറ്റർ സ്‌പെൻറ് വാഷ് എന്നിവയും വാറ്റുപകരണങ്ങളും പിടികൂടി.
ലോക്ഡൗൺ ആരംഭം മുതൽ പ്രതികൾ വിഷ്ണുവിെൻറ വീട് കേന്ദ്രീകരിച്ച് ചാരായം വാറ്റി കുപ്പിക്ക് 2000 രൂപ നിരക്കിൽ വിൽപന നടത്തിവരുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കഴിഞ്ഞദിവസങ്ങളിൽ എക്സൈസ് നടത്തിയ റെയ്ഡിൽ വെട്ടിക്കവല കാവുങ്കൽ സുകുമാരവിലാസം വീട്ടിൽ സുകുമാരൻ എന്നയാളുടെ വീട്ടിൽ 110 ലിറ്റർ കോട സൂക്ഷിച്ചതിനും ഇടവട്ടം മനീഷ് ഭവനം വീട്ടിൽ മണിക്കുട്ടൻ എന്ന ആളിനെ ഒന്നര ലിറ്റർ ചാരായം കടത്തി കൊണ്ടുവന്നതിനും പുത്തൂർ തെക്കുംപുറം കൊച്ചു ഇലവക്കോട് വീട്ടിൽ പൊടി എന്ന ഗിരീഷ് കുമാറിനെ ഒരു ലിറ്റർ ചാരായം കൈവശം വെച്ചതിനും കേസെടുത്തിരുന്നു.
റെയ്ഡിൽ പ്രിവൻറിവ് ഓഫിസർ ബാബു സേനൻ, എം.എസ്. ഗിരീഷ്, സിവിൽ എക്സൈസ് ഓഫിസർ കൃഷ്ണരാജ്, അനിൽകുമാർ, ദിലീപ് കുമാർ, നഹാസ്, സുനിൽ ജോസ്, എക്സൈസ് ഡ്രൈവർ അബ്ദുൽ മനാഫ് എന്നിവർ പങ്കെടുത്തു. വ്യാജമദ്യം സംബന്ധിച്ച വിവരങ്ങൾ 0474 2452639 എന്ന നമ്പറിൽ അറിയിക്കുക. പരാതിക്കാരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാെണന്ന് എക്സൈസ് അറിയിച്ചു.
വാറ്റുചാരായവുമായി ഒരാൾ പിടിയിൽ
പുനലൂർ: ചാരായം വാറ്റും വിൽപനയും നടത്തിയ ഒരാളെ പുനലൂർ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പുനലൂർ നെടുങ്കയം കാറ്റാടി ജങ്ഷനിൽ കുമരിക്കൽ വീട്ടിൽ സാമുവൽ മാത്യു (റോയ് -57) ആണ് പിടിയിലായത്. അഞ്ച് ലിറ്റർ ചാരായവും 70 ലിറ്റർ കോടയും ഇയാളുടെ വീട്ടിൽനിന്ന് കണ്ടെടുത്തു. പുനലൂർ എക്സൈസ് സി.ഐ സൈഫുദീൻ, ഇൻസ്‌പെക്ടർ അനിൽകുമാർ, പ്രിവൻറീവ് ഓഫിസർമാരായ ഷിഹാബുദീൻ, അരുൺകുമാർ, ഹരിലാൽ എന്നിവരുടെ നേതൃത്വത്തിലാണ് ചാരായം പിടികൂടിയത്.
വ്യാജ ചാരായവുമായി യുവാവ് പിടിയിൽ
കൊട്ടാരക്കര: വ്യാജ ചാരായവുമായി യുവാവിനെ പുത്തൂർ പൊലീസ് അറസ്റ്റ ചെയ്തു. പുത്തൂർ കുളക്കട പൂവറ്റൂർ വെസ്റ്റ് അംബേദ്കർ കോളനിയിൽ കുഴിയിൽ പുരയിടം വീട്ടിൽ ഉദയകുമാറിനെയാണ് (38) പൂത്തൂർ പൊലീസ് പിടികൂടിയത്. ഇയാളിൽനിന്ന് രണ്ട് ലിറ്റർ വ്യാജ ചാരായം പിടിച്ചെടുത്തു. ലോക്ഡൗൺ കാലഘട്ടത്തിൽ വ്യാജ ചാരായ കച്ചവടം നടത്തുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചതിനെതുടർന്ന് പൊലീസ് പ്രതിയുടെ വീട്ടിലെത്തി പരിശോധന നടത്തിയതിലാണ് ചാരായം കണ്ടെടുത്തത്. പ്രതിയിൽനിന്ന് വാറ്റുപകരണങ്ങളും കണ്ടെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.