വാക്കനാട് ഹയർ സെക്കൻഡറി സ്കൂൾ; കെട്ടിട നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചിട്ട് നാല് വർഷം
text_fieldsകൊട്ടാരക്കര: കരീപ്ര പഞ്ചായത്തിലെ ലക്ഷകണക്കിന് വിദ്യാർഥികൾക്ക് വിദ്യ പകർന്നുനൽകിയ വാക്കനാട് ഹയർ സെക്കൻഡറി സ്കൂളിന് അടിസ്ഥാന സൗകര്യമില്ല. ഇന്നും വാക്കനാട് സ്കൂളിന് ഹൈടെക് ക്ലാസുകളും നല്ല ശുചിമുറികളും അന്യം.
2020ൽ പ്ലാൻ ഫണ്ടിൽനിന്ന് രണ്ടുകോടി വകയിരുത്തി അന്നത്തെ എം.എൽ.എയായിരുന്ന ഐഷപോറ്റി ശിലാഫലക അനാച്ഛാദനം ചെയ്ത് ആരംഭിച്ച നിർമാണം പകുതിവഴിയിൽ ഉപേക്ഷിച്ചിട്ട് നാലുവർഷത്തിലെറേയായി.
മൂന്ന് നിലകളിലായുള്ള ഹയർ സെക്കൻഡറി ബ്ലോക്കിന്റെ നിർമാണം വർഷങ്ങളായി മുടങ്ങി കിടക്കുകയാണ്. നിരവധി തവണ സ്ഥലം എം.എൽ.എയും മന്ത്രി കെ.എൻ. ബാലഗോപാലുൾപ്പെടെയുള്ളവർക്ക് പരാതി നൽകി. കെട്ടിട നിർമാണത്തിനായി കാത്തിരുന്ന നാട്ടുകാരുടെയും വിദ്യാർഥികളുടെയും സ്കൂൾ അധികൃതരുടെയും ശ്രമം പാഴായി.
നിലവിൽ സ്കൂളിന്റെ ശോച്യാവസ്ഥയിലുള്ള ശുചിമുറി സ്കൂളിന്റെ യശസ്സിന് തന്നെ തടസ്സമായി നിൽക്കുന്നു. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികളാണ് ഇക്കാര്യത്തിൽ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ചില സമയങ്ങളിൽ പ്രാഥമിക കൃത്യം നിർവഹിക്കാനായിപോലും കുട്ടികൾക്ക് സാധിക്കുന്നില്ല. അടിയന്തര സാഹചര്യത്തിൽ മുടങ്ങിക്കിടക്കുന്ന സ്കൂൾ കെട്ടിട നിർമാണം പൂർത്തീകരിക്കാനും ഉപയോഗയുക്തമായ ശുചിമുറികൾ നിർമിക്കാൻ ജനപ്രതിനിധികൾ ഉൾപ്പടെയുള്ളവരുടെയും ത്രിതലപഞ്ചായത്തുകളും പരിശ്രമം നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.