ഉപേക്ഷിച്ച ക്വാറികളിൽ കെട്ടിനിൽക്കുന്ന ജലം ഭീഷണി
text_fieldsകൊട്ടാരക്കര: താലൂക്കിൽ ഇളമാട് കാരാളികോണം വാർഡിൽ ഉപേക്ഷിച്ച പാറക്വാറി ഭീഷണിയിൽ. സമുദ്രനിരപ്പിൽ നിന്ന് 300 അടി ഉയരത്തിൽ 15 ഏക്കറോളം വിസ്തൃതിയിൽ 250 അടി താഴ്ചയിൽ പാറഖനനം ചെയ്ത കുഴിയിലാണ് വെള്ളം കെട്ടിനിൽക്കുന്നത്. സമീപത്തെ പാറ ഖനനം ചെയ്ത കുഴികളിലും ജലം നിറഞ്ഞു നിൽക്കുന്നു.
ക്വാറികളുടെ അടിവാരത്താണ് ചെറിയവെളിനല്ലൂർ, കാരാളികോണം, അർക്കന്നൂർ വാർഡുകൾ സ്ഥിതിചെയ്യുന്നത്. ഇതിനുസമീപത്തെ കുന്നുകൾ പുതിയ ക്വാറികൾക്ക് വേണ്ടി മണ്ണെടുത്തുമാറ്റിയതിനാൽ ജലാശയങ്ങൾ പൊട്ടിയാൽ ഉണ്ടാകുന്ന ദുരന്തം പ്രതീക്ഷിക്കുന്നതിലപ്പുറമായിരിക്കും. ഇതിനെതിരെ കുറേ വർഷങ്ങളായി മുഖ്യമന്ത്രി, കലക്ടർ, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എന്നിവർക്ക് പരിസ്ഥിതി പ്രവർത്തകരും പൊതുജനങ്ങളും സാമുദായിക സംഘടനകളും നിരവധി പരാതികളാണ് സമർപ്പിച്ചത്. ഇതിനെതിരെ ഒരു നിയമനടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.
പകൽ മാത്രം ഖനനം നടത്തേണ്ട സമയത്ത് രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഇവിടെ തകൃതിയായി പാറഖനനം നടക്കുകയാണ്. രാത്രിയിൽ നാലും അഞ്ചും വാഹനങ്ങൾക്ക് ഓൺലൈൻ പാസുകൾ നൽകുകയും അതിന്റെ മറവിൽ പത്തും ഇരുപതും വാഹനങ്ങളാണ് പാറ കയറ്റി പോകുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുമ്പ് അഞ്ച് വാഹനങ്ങൾ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് പരിശോധിച്ചപ്പോൾ ഓരോ വാഹനത്തിലും 15 മുതൽ 20 ടൺ വരെ നികുതി വെട്ടിച്ച് അധികം പാറ കയറ്റി പോകുന്നതായി കണ്ടെത്തി രണ്ടു ലക്ഷത്തോളം രൂപയാണ് പിഴ അടപ്പിച്ചത്. ഇതുപോലെ 100 കണക്കിന് ലോഡ് പാറയാണ് ഓരോ ദിവസവും ഇവിടെ നിന്ന് കടന്നുപോകുന്നത്.
അതിലെല്ലാം തന്നെ പാസിലും ജി.എസ്.ടി ബില്ലിലും കാണിച്ചിരിക്കുന്നതിനെക്കാൾ പത്തും ഇരുപതും ടൺ പാറ അധികം കയറ്റിയാണ് പോകുന്നത്. ചില ഉദ്യോഗസ്ഥരുടെ അറിവോടുകൂടിയാണിതെന്ന ആരോപണം ഉയരുന്നുണ്ട്. പരാതിപ്പെടുന്നവരെ കള്ളക്കേസിൽ കുടുക്കിയും ക്വാറി മുതലാളിമാരും ഗുണ്ടകളും ഉദ്യോഗസ്ഥരും ചേർന്ന് ഭീഷണിപ്പെടുത്തിയും പരാതി പിൻവലിപ്പിക്കുകയാണ് പതിവ്. ഈ വലിയ വെള്ളക്കെട്ടുകൾ ഒഴിവാക്കിയാൽ നികുതി വെട്ടിച്ച് അധികം കടത്തിയ പാറയുടെ ശരിയായ അളവ് സർക്കാറിന് ലഭിച്ചാൽ പിഴ അടക്കേണ്ടിവരും. അടിയന്തരമായി റവന്യൂ അധികൃതർ ഇടപെട്ട് ഇതിനൊരു പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.