ജലവിതരണ പൈപ്പ് പൊട്ടി; രണ്ടുദിവസം മുമ്പ് ടാർ ചെയ്ത പൂവറ്റൂർ–പുത്തൂർ റോഡ് തകർന്നു
text_fieldsകൊട്ടാരക്കര: ജലജീവൻ മിഷൻ പദ്ധതിയുടെ പൈപ്പ് ലൈൻ പൊട്ടി പുതുതായി ടാറിങ് നടത്തിയ പൂവറ്റൂർ- പുത്തൂർ റോഡ് തകർന്നു. രണ്ടുദിവസം മുമ്പ് ടാറിങ് നടത്തിയ ഈ റോഡിൽ അഞ്ചിടത്തായിട്ടാണ് പൈപ്പ് പൊട്ടി ജലം പാഴാകുന്നത്. 20 കോടി ചെലവഴിച്ചാണ് കിഫ്ബിയിൽ ഉൾപ്പെടുത്തി ഈ റോഡ് നിർമിച്ചത്.
റോഡിന്‍റെ മിക്കഭാഗവും തകർന്ന് കുടിവെള്ളം ഒഴുകുകയാണ്. രണ്ടുമാസം മുമ്പ് മന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ സാന്നിധ്യത്തിൽ താലൂക്കിൽ തഹസിൽദാറിന്‍റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ടാറിങ് പൂർത്തീകരിച്ച റോഡിൽ വാട്ടർ അതോറിറ്റിയുടെ അറ്റകുറ്റപ്പണി നടത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞിരുന്നു.
മാത്രമല്ല, കുടിവെള്ള പൈപ്പ് ലൈൻ പൊട്ടിയാൽ വാട്ടർ അതോറിറ്റി അധികൃതരുടെ സാന്നിധ്യത്തിൽ മാത്രമേ റോഡ് പൊളിച്ച് നന്നാക്കാൻ പാടുള്ളൂവെന്ന് അറിയിച്ചിരുന്നു. എന്നാൽ, ജല അതോറിറ്റി അധികൃതരുടെ സാന്നിധ്യമില്ലാതെ കരാറുകാരാണ് റോഡ് കുഴിക്കുന്നത്. റീ ടാറിങ് വാട്ടർ അതോറിറ്റിയുടെ ചെലവിൽ നടത്തുമെന്ന് അറിയിച്ചെങ്കിലും പലയിടത്തും ഉണ്ടായില്ല.
പൊതുമരാമത്ത് വകുപ്പും വാട്ടർ അതോറിറ്റിയും ഒരുമിച്ചു കാര്യങ്ങൾ തീരുമാനിച്ച് മുന്നോട്ട് പോകണമെന്ന് മന്ത്രി അറിയിച്ചിട്ടും അധികൃതർ ഇപ്പോഴും രണ്ടുതട്ടിലാണ്. പൊട്ടിയ പൈപ്പ് നന്നാക്കണമെങ്കിൽ കോടികൾ ചെലവഴിച്ച് നിർമിച്ച പൂവറ്റൂർ - പുത്തൂർ റോഡ് കുത്തിപ്പൊളിക്കേണ്ടിവരും. എന്നാൽ, മികച്ച രീതിയിൽ റീ ടാറിങ് നടത്താൻ കഴിയാതെ റോഡ് കൂടുതൽ തകരുമെന്നാണ് നാട്ടുകാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.