കൊട്ടാരക്കര വനിതാസെല്ലിൽ സീനിയോറിറ്റിയെ ചൊല്ലി ഏറ്റുമുട്ടിയ വനിതാ എസ്.ഐമാരെ സ്ഥലം മാറ്റി.
text_fieldsകൊട്ടാരക്കര: കൊട്ടാരക്കര വനിതാസെല്ലിൽ സീനിയോറിറ്റിയെ ചൊല്ലി ഏറ്റുമുട്ടിയ വനിതാഎസ്.ഐമാരെ സ്ഥലം മാറ്റി. എസ്.ഐമാരായ ഫാത്തിമ ത്രെസിയ, ഡെയ്സി ലൂക്കോസ് എന്നിവരെയാണ് പിങ്ക് പട്രോൾ സംഘത്തിലേക്ക് സ്ഥലംമാറ്റിയത്. റൂറൽ എസ്.പി കെ.ബി.രവി ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. വനിതാ എസ്.ഐ ആർ.സുശീലാമ്മയ്ക്ക് പകരം വനിതാസെൽ എച്ച്.എച്ച്.ഒയുടെ ചുമതല നൽകി.
സി.ഐ ആയി പ്രൊമോഷൻ കാത്തിരുന്നവരാണ് ഏറ്റുമുട്ടിയ എസ്.ഐമാർ. ഇരുവരും ഒരേ ഓഫീസിൽ തുടർന്നും ജോലി ചെയ്താൽ ഇനിയും ഏറ്റുമുട്ടലിന് സാദ്ധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സ്‌പെഷ്യൽ ബ്രാഞ്ച് റൂറൽ എസ്.പിക്ക് റിപ്പോർട്ട് നൽകി. പ്രൊമോഷൻ കാത്തിരിക്കുന്ന ഉദ്യോഗസ്ഥർ ഏറ്റുമുട്ടിയത് ഗുരുതര കുറ്റമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇന്നലെ ഉച്ചയോടെയാണ് എസ്.ഐമാരായ ഫാത്തിമയും ഡെയ്സിയും ഏറ്റുമുട്ടിയത്. വനിതാ സെൽ സി.ഐയായിരുന്ന ബി.സുധർമ്മ വിരമിച്ചതിന് ശേഷം പകരം നിയമനം നടന്നിരുന്നില്ല.
ഇതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്. ഏറെനാളായി വനിതാ സെല്ലിൽ ഒന്നിച്ച് ജോലി ചെയ്തുവരികയായിരുന്നു ഇരുവരും. സ്‌റ്റേഷനിൽ പരാതിക്കാരായി എത്തുന്നവരോടും പ്രതിഭാഗത്തുള്ളവരോടും മോശപ്പെട്ട പദപ്രയോഗങ്ങൾ നടത്തുന്നതിന് നേരത്തെ ശാസിക്കപ്പെട്ടിട്ടുള്ളയാളാണ് ഫാത്തിമ. പൊലീസുകാരായി ഒന്നിച്ച് സർവീസിൽ പ്രവേശിക്കുകയും പിന്നീട് ഒന്നിച്ചുതന്നെ എസ്.ഐ പോസ്‌റ്റിൽ എത്തുകയും ചെയ്തവരാണ് ഫാത്തിമയും ഡെയ്സിയും. തെഞ്ഞെടുപ്പ് സമയത്ത് ഡെയ്സിയെ തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റിയിരുന്നു. സി.ഐ വിരമിച്ചതോടെ ഫാത്തിമയ്ക്ക് സി.ഐയുടെ ചുമതല നൽകി. തിരഞ്ഞെടുപ്പ് ചുമതല കഴിഞ്ഞ് ഡെയ്സി തിരികെ വന്നതോടെയാണ് അധികാരത്തർക്കം രൂക്ഷമായത്.
സി.ഐയുടെ ഓഫീസിൽ ഫാത്തിമ ഇരിക്കാറുണ്ടായിരുന്നില്ല. വന്ന ദിവസംതന്നെ സി.ഐയുടെ മുറിയിൽ മറ്റൊരു കസേരയിൽ ഡെയ്സി ഇരിക്കാനും തുടങ്ങി. സർവീസിൽ ഒന്നിച്ചാണ് കയറിയതെങ്കിലും ഒരു നമ്പറിന്‍റെ സീനിയോറിറ്റി ഡെയ്സിക്കുണ്ട്. ചൊവ്വാഴ്ച രാവിലെ മുതൽ ഇരുവരും തമ്മിൽ ചെറിയ വാക്കേറ്റം ഉണ്ടായിരുന്നു. ഉച്ചയ്ക്ക് കസേര തനിക്ക് വിട്ടുതരണമെന്ന് ഡെയ്സി, ഫാത്തിമയോട് ആവശ്യപ്പെടുകയും മേശ പൂട്ടി താക്കോലെടുക്കുകയും ചെയ്തു. ഇത് ഫാത്തിമ ചോദ്യം ചെയ്തതോടെയാണ് കാര്യങ്ങൾ കൈയാങ്കളിയിലേക്ക് കടന്നത്. സംഘർഷത്തിനിടെ ഫാത്തിമയുടെ കൈ ഒടിഞ്ഞു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.