നൂറു വയസ്സുള്ള വയോധികയെ വീട്ടിൽ പൂട്ടി മക്കൾ സ്ഥലംവിട്ടു
text_fieldsകൊട്ടിയം: നൂറു വയസ്സുള്ള വയോധികയെ സംരക്ഷിക്കാതെ മുറിയിൽ അടച്ചിട്ട് മക്കൾ കടന്നു. നെടുമ്പന പന്നിയോട് അംഗൻവാടിക്ക് സമീപം താമസിക്കുന്ന പഞ്ചമിയോടാണ് മക്കളുടെ കണ്ണില്ലാത്ത ക്രൂരത. വീടിനോട് ചേർന്ന ഒറ്റമുറിയിൽ ഇവരെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇവിടെ പൂട്ടിയിട്ടശേഷം മക്കൾ വീടിന്റെ ബാക്കിഭാഗവും പൂട്ടി ഇവിടെ നിന്നു പോയി.
ദിവസങ്ങളായി പട്ടിണിയിലും, വൃത്തിഹീന സാഹചര്യത്തിലും പഞ്ചമി അവിടെ കിടക്കുകയായിരുന്നു. ഇവിടെ നിന്ന് ദുർഗന്ധം വമിച്ചപ്പോൾ നാട്ടുകാർ വാർഡ് അംഗം റെജിലയെ അറിയിച്ചു. ഇവരും പൊതുപ്രവർത്തകരും വീട് സന്ദർശിച്ചപ്പോഴാണ് വയോധികയുടെ ദുരവസ്ഥ മനസ്സിലാക്കുന്നത്. ഉടൻ കണ്ണനല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
ഇൻസ്പെക്ടർ രാജേഷ് പഞ്ചമിയുടെ അവസ്ഥ ജീവകാരുണ്യ പ്രവർത്തകരായ ശക്തികുളങ്ങര ഗണേശ്, ശ്യാം ഷാജി എന്നിവരെ അറിയിച്ചു. ഇവർ എത്തി പഞ്ചമിയെ വീടിന് പുറത്തെത്തിച്ചു കുളിപ്പിച്ചശേഷം പുതുവസ്ത്രങ്ങൾ ധരിപ്പിച്ചു. പിന്നീട് കരുനാഗപ്പള്ളി വവ്വാക്കാവിൽ പ്രവർത്തിക്കുന്ന കണ്ണകി ശാന്തിതീരം വയോജന കേന്ദ്രത്തിലെത്തിച്ചു. വാർഡംഗം റജില ഷാജഹാൻ, പൊതുപ്രവർത്തകരായ നിസാം പൊന്നൂർ , ഷാജഹാൻ, ഹാരിസ് പള്ളിമൺ, ശിവരാജൻ എന്നിവരും നേതൃത്വം നൽകി. വരുംദിവസങ്ങളിൽ മക്കളെ സ്റ്റേഷനിൽ വിളിച്ചുവരുത്തുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.