ഉമയനല്ലൂരിൽ പ്ലാസ്റ്റിക് കമ്പനി കത്തിനശിച്ചു
text_fieldsകൊട്ടിയം: ഞായറാഴ്ച പുലർച്ചയുണ്ടായ തീപിടിത്തത്തിൽ പ്ലാസ്റ്റിക് കമ്പനി കത്തി നശിച്ചു. നാലു സ്ഥലങ്ങളിൽ നിന്നെത്തിയ അഗ്നിരക്ഷാസേന മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാനായത്.
ഉമയനല്ലൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന ജയ സിങിന്റെ ഉടമസ്ഥതയിലുള്ള ഗായത്രി പ്ലാസ്റ്റിക് എന്ന സ്ഥാപനമാണ് കത്തി നശിച്ചത്. പുലർച്ച മൂന്നോടെയാണ് ഇവിടെനിന്ന് തീയും പുകയും ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്.
തുടർന്ന് കടപ്പാക്കട, ചാമക്കട, കുണ്ടറ, പരവൂർ എന്നിവിടങ്ങളിൽനിന്നായി 10 യൂനിറ്റിലധികം അഗ്നിരക്ഷാസേനയെത്തിയാണ് തീ കെടുത്തിയത്. കമ്പനിയിലുണ്ടായിരുന്ന വൈദ്യുതി ട്രാൻസ്ഫോർമർ, ഗ്രൈൻഡർ, കംപ്രസർ, ഷെഡ്ഡുകൾ, പ്ലാസ്റ്റിക്കുകൾ എന്നിവ കത്തിനശിച്ചു.
തീ പിടിച്ച കമ്പനിക്കടുത്ത് സർക്കാറിന്റെ ഗ്യാസ് സിലിണ്ടറുകൾ വൃത്തിയാക്കുന്ന സ്ഥാപനം പ്രവർത്തിക്കുന്നുണ്ട്. ഇവിടേക്ക് തീ പടരാതിരിക്കാനാണ് അഗ്നിരക്ഷാസേന ശ്രമിച്ചത്. പഞ്ചായത്ത്, കോർപറേഷൻ എന്നിവിടങ്ങളിൽനിന്ന് ഹരിത കർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകൾ ഇവരാണ് വാങ്ങിയിരുന്നത്. ഇതിന്റെ വലിയ ശേഖരവും പ്ലാസ്റ്റിക് കുപ്പികളും ഇവിടെയുണ്ടായിരുന്നു.
പ്ലാസ്റ്റിക് പൊടിക്കുന്ന ജോലികളും കയറ്റിയയക്കുന്ന ജോലിയുമാണ് ഇവിടെ നടന്നുവന്നത്. ഒരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് വ്യവസായ എസ്റ്റേറ്റേറ്റിൽ പ്ലാസ്റ്റിക് കമ്പനികൾ പ്രവർത്തിക്കുന്നതെന്നും ഒരു തീപ്പൊരി വീണാൽ പ്രദേശമാകെ കത്തി ചാമ്പലാകാൻ കാരണമാകുമെന്നും എസ്റ്റേറ്റിലെ മറ്റ് വ്യവസായ യൂനിറ്റ് ഉടമകളും പ്രദേശവാസികളും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.