അപകടത്തിൽ മരിച്ചവർക്ക് നാട് വിട നൽകി
text_fieldsകൊട്ടിയം: അപകടത്തിൽ മരിച്ച സുഹൃത്തുക്കൾക്ക് നാട് കണ്ണീരോടെ വിട നൽകി. ബസും ബൈക്കും കൂട്ടിയിടിയുണ്ടായ അപകടത്തിൽ മരിച്ച കുളപ്പാടം പണയിൽ വീട്ടിൽ നിസാം, പള്ളിമൺ ചാലക്കര എസ്.കെ.വി ജങ്ഷൻ റഹിം മൻസിലിൽ ജലാലുദ്ദീൻ എന്നിവരാണ് നാടിന് വേദനയായത്.
ബുധനാഴ്ച രാവിലെ ഇവരുടെ മരണവാർത്ത വന്നതോടെ കുളപ്പാടം പ്രദേശമാകെ ദു:ഖസാന്ദ്രമായി. സമൂഹത്തിലെ വിവിധ തുറകളിൽപ്പെട്ടവരും ബന്ധുക്കളുമടക്കം നൂറുകണക്കിനാളുകളാണ് ഇവരുടെ വീടുകളിലേക്കും ഖബറടക്കം നടന്ന പള്ളിയിലേക്കുമെത്തിയത്.
വിശാലമായ സുഹൃത് വലയത്തിന് ഉടമകളായിരുന്ന ഇരുവരും സുഹൃത്തുക്കളും അയൽവാസികളുമായിരുന്നു. മരങ്ങൾ വിലക്കെടുത്തത് മുറിച്ച് വിൽപന നടത്തുന്നവരായിരുന്നു. തിങ്കളാഴ്ച രാവിലെ ഏഴോടെ നല്ലില - പള്ളിമൺ റോഡിൽ പുനവൂരിലായിരുന്നു അപകടം.
അപകടത്തിൽപ്പെട്ട ഇവർ ഏറെ നേരം റോഡിൽ ചോരവാർന്നു കിടന്ന ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും, മെഡിക്കൽ കോളേജിലുമായി ചികിത്സയിലായിരുന്ന ഇവർ ചൊവ്വാഴ്ച അർധരാത്രിയാണ് മരിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹങ്ങൾ ബുധനാഴ്ച വൈകീട്ട് നാലോടെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നെടുമ്പന ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. എൻ.കെ.പ്രേമചന്ദ്രൻ എം.പി, പി.സി.വിഷ്ണുനാഥ് എം.എൽ.എ.എന്നിവരും, ത്രിതല പഞ്ചായത്ത് അംഗങ്ങളും, വിവിധ രാഷ്ടീയകക്ഷി നേതാക്കളും സാമുഹിക പ്രവർത്തകരും അന്ത്യാഞ്ജലിയർപ്പിക്കാനെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.