ആദിച്ചനല്ലൂർ ചിറ പാലം അപകടാവസ്ഥയിൽ' കമ്പികൾ ദ്രവിച്ച് നിലംപൊത്താറായ നിലയിൽ
text_fieldsകൊട്ടിയം: ആദിച്ചനല്ലൂർ -വെളിച്ചിക്കാല റോഡിലുള്ള പാലം അപകടാവസ്ഥയിലാണെന്ന് പഞ്ചായത്തിന്റെ റിപ്പോർട്ട്.
ആദിച്ചനല്ലൂർ ചിറക്ക് സമീപമുള്ള പഴയപാലം അപകടാവസ്ഥയിലായതിനെ തുടർന്ന് കാൽ നൂറ്റാണ്ട് മുമ്പ് നിർമിച്ച പുതിയ പാലമാണ് ഇപ്പോൾ അപകടാവസ്ഥയിലായത്. അടിഭാഗത്തെ കമ്പികൾ ദ്രവിച്ച് നിലംപൊത്താറായ സ്ഥിതിയിലാണ്.
അധികൃതർ പാലത്തിലൂടെ വലിയ വാഹനങ്ങൾ കടന്നുപോകുന്നത് നിരോധിച്ച് ബോർഡ് സ്ഥാപിച്ചെങ്കിലും ബോർഡ് ഇപ്പോൾ കാണാനില്ല. നിലവിൽ പാലത്തിലൂടെ ഭാരം കയറ്റിയ വാഹനങ്ങൾ കടന്നുപോകുകയാണ്. ബലക്ഷയമുള്ള പാലത്തിലൂടെ വലിയ വാഹനങ്ങൾ പോകുന്നത് അപകടങ്ങൾക്ക് കാരണമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. ഹയർ സെക്കൻഡറി സ്കൂൾ, മാർക്കറ്റ്, വില്ലേജ് ഓഫിസ്, മൃഗാശുപത്രി, അക്ഷയകേന്ദ്രം എന്നിവിടങ്ങളിലേക്ക് പോകുന്നവർ ഈ പാലം വഴിയാണ് കടന്നുപോകുന്നത്. പാലത്തിന്റെ നിലവിലെ അവസ്ഥ ചൂണ്ടിക്കാട്ടി ആദിച്ചനല്ലൂർ പഞ്ചായത്ത് അധികൃതർ പൊതുമരാമത്ത് വകുപ്പു മന്ത്രിക്കും കലക്ടർക്കും നിവേദനം നൽകിയിട്ടുണ്ട്.
ആദിച്ചനല്ലൂർ ഏലായിലേക്ക് ജലം എത്തിക്കുന്നതിനായി പാലത്തിനടിയിൽ സ്ഥാപിച്ച ഷട്ടറുകളും തകർന്ന നിലയിലാണ്.പുതിയ പാലം അപകടാവസ്ഥയിലായതോടെ പഴയ പാലത്തിലൂടെയും വാഹനങ്ങൾ പോകുന്നുണ്ട്.
ഇതിന് നിയന്ത്രണം ഏർപ്പെടുത്തി ഇവിടെ പുതിയ പാലം നിർമിക്കുവാൻ അടിയന്തര നടപടികൾ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.