അയത്തിൽ ബൈപാസ് ജങ്ഷൻ; മേൽപാലത്തിനടിയിലൂടെ വാഹനഗതാഗതം അനുവദിക്കണമെന്ന്
text_fieldsകൊട്ടിയം: സംസ്ഥാനപാതയിൽ അയത്തിൽ ബൈപാസ് ജങ്ഷനിൽ നിർമാണം പൂർത്തിയായ മേൽപാലത്തിനടിയിലൂടെ വാഹനങ്ങൾ കടത്തിവിടണമെന്ന ആവശ്യം ശക്തമാകുന്നു. പാലത്തിനടിയിലൂടെ കടന്നുപോകുന്ന സംസ്ഥാന ഹൈവേയിലൂടെ വാഹനങ്ങൾ കടത്തിവിടാത്തതിനാൽ വാഹനങ്ങൾക്ക് ഏറെ ദൂരം പോയി തിരിഞ്ഞുപോരേണ്ട അവസ്ഥയാണുള്ളത്. ഇതുമൂലം സ്വകാര്യബസുകൾക്കടക്കം ധനനഷ്ടത്തിനൊപ്പം സമയനഷ്ടവുമുണ്ട്.
കൊല്ലം-ആയൂർ സംസ്ഥാനപാതയിലെ മേൽപാലത്തിന് ഏറെ അകലെയല്ലാതെ കല്ലുംതാഴത്തെ പാലം നിർമാണം പൂർത്തിയായപ്പോൾ പാലത്തിനടിയിലൂടെ വാഹനങ്ങൾ കടത്തിവിട്ടുതുടങ്ങിയിരുന്നു. പാലത്തിനടിയിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചില്ലെങ്കിൽ സമരപരിപാടികൾ ആരംഭിക്കുമെന്ന് ഐ.എൻ.ടി.യു.സി നേതാവ് അയത്തിൽ നിസാം അധികൃതരെ അറിയിച്ചിട്ടുണ്ട്.
സംസ്ഥാന ഹൈവേയിൽ കണ്ണനല്ലൂർ ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ ബൈപാസിന്റെ സർവിസ് റോഡിലൂടെ ഏറെ ദൂരം തെക്കോട്ട് പോയി പെട്രോൾ പമ്പിനടുത്തുനിന്ന് നടുറോഡിൽ തിരിഞ്ഞുവരേണ്ട സ്ഥിതിയാണ്. ഇത് അപകടങ്ങൾക്കും കാരണമാകുന്നു.
ഗതാഗതം നിയന്ത്രിക്കുന്നതിനായി ഹോം ഗാർഡും ദേശീയപാത നിർമാണകരാർ കമ്പനി നിയമിച്ചിട്ടുള്ള മൂന്നുപേരും പൊലീസും ഉണ്ടെങ്കിലും പാലത്തിനടിയിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടില്ല. പാലത്തിനടിയിൽ റോഡ് അടച്ചുവെച്ച ശേഷം ഗതാഗതം നിയന്ത്രിക്കാനെത്തുന്നവർ വിശ്രമിക്കുകയാണ് പതിവ്. പാലത്തിനടിയിലൂടെ വാഹനങ്ങൾ കടത്തിവിടണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ് ജീവനക്കാരും രംഗത്ത് വന്നിട്ടുണ്ട്. പാലത്തിനടിയിലൂടെ വാഹനങ്ങൾ കടത്തിവിട്ടാൽ ഗതാഗതക്കുരുക്കുണ്ടാകില്ലെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.