അയത്തിൽ ബൈപാസ്; ബസ് സർവിസിന് റോഡ് തുറക്കണമെന്ന്
text_fieldsകൊട്ടിയം: സ്വകാര്യ ബസുകൾ കടന്നുപോകുന്നതിന് അയത്തിൽ ബൈപാസ് ജങ്ഷനിൽ റോഡ് തുറന്നു കൊടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. റോഡ് അടച്ച ബോർഡുകളും വീപ്പകളും അൽപ്പമൊന്ന് മാറ്റിവെച്ചാൽ ഒരു വശത്തേക്കെങ്കിലും ബസുകൾക്ക് കടന്നുപോകാൻ കഴിയും.
ദേശീയപാതയുടെ പുനർനിർമാണത്തിന്റെ ഭാഗമായി മേൽപാലത്തിന്റെ പില്ലറുകൾ സ്ഥാപിക്കുന്നതിനായി അയത്തിൽ ബൈപാസ് ജങ്ഷനിൽനിന്ന് കൊല്ലം ഭാഗത്തേക്കുള്ള റോഡ് മാസങ്ങൾക്ക് മുമ്പാണ് അടച്ചത്. ജങ്ഷനിലെ തൈക്കാവിന് സമീപം റോഡ് പൂർണമായും അടച്ചത് പ്രതിഷേധത്തെ തുടർന്ന് ചെറിയ വാഹനങ്ങൾ കടന്നുപോകും വിധം സൗകര്യം ഒരുക്കി.
പൊതുപ്രവർത്തകനും കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റുമായ അയത്തിൽ നിസാമിന്റെ നേതൃത്വത്തിൽ റോഡ് തുറന്നുകൊടുക്കണമെന്ന ആവശ്യം ഹൈവേ അതോറിറ്റി അധികൃതരോടും, കരാർ കമ്പനി അധികൃതരുടെയും ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് പൈലിങ് പ്രവർത്തനം പൂർണമാകുമ്പോൾ തുറന്നുകൊടുക്കാമെന്ന് ഉറപ്പുനൽകിയിരുന്നു. ഇപ്പോൾ നിർമാണ പ്രവർത്തനങ്ങൾ ഏറക്കുറെ പൂർത്തിയായ നിലയിലാണ്.
റോഡിൽ വെച്ചിരിക്കുന്ന വീപ്പകളും ബോർഡുകളും അൽപ്പമൊന്ന് മാറ്റിയാൽ കൊല്ലം ഭാഗത്തുനിന്നു വരുന്ന ബസുകൾക്ക് ബൈപാസ് റോഡിൽ കയറി കണ്ണനല്ലൂർ ഭാഗത്തേക്ക് പോകാൻ കഴിയും. ഇതുവഴിയുള്ള ഗതാഗതം തടഞ്ഞതോടെ സ്വകാര്യ ബസുകളും, കെ.എസ്.ആർ.ടി.സി ബസുകളും കിലോമീറ്ററുകളോളം ചുറ്റിയാണ് പോകുന്നത്.
ബസുകൾ കടത്തിവിടാതായതോടെ വിദ്യാർഥികളും വലിയ ബുദ്ധിമുട്ടിലാണ്. ബസുകൾക്ക് സമയക്രമം പാലിക്കാൻ കഴിയാത്ത സ്ഥിതിയുമുണ്ട്. കൊല്ലം ഭാഗത്തുനിന്നുള്ള ബസുകൾക്ക് കടന്നുപോകാൻ ആവശ്യമായ സംവിധാനമെങ്കിലും ഒരുക്കണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് വർക്കേഴ്സ് അസോസിയേഷൻ രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.