എം.ഡി.എം.എയുമായി ബി.ഡി.എസ് വിദ്യാർഥി അറസ്റ്റിൽ
text_fieldsകൊട്ടിയം: ലക്ഷക്കണക്കിനു രൂപ വില വരുന്ന മാരകലഹരി വസ്തുവായ എം.ഡി.എം.എയുമായി ബി.ഡി.എസ് വിദ്യാർഥി പൊലീസ് പിടിയിലായി. കോഴിക്കോട് പാനൂർ കിഴക്കോത്ത് പുതുപറമ്പിൽ വീട്ടിൽ പി.പി. നൗഫൽ ആണ് (28) അറസ്റ്റിലായത്. ഇയാൾ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിലെ അവസാന വർഷ ബി.ഡി.എസ് വിദ്യാർഥിയാണെന്ന് പൊലീസ് വ്യക്തമാക്കി.
ഇയാളിൽനിന്ന് 72 ഗ്രാം എം.ഡി.എം.എ പൊലീസ് കണ്ടെടുത്തു. പ്രഫഷനൽ കോളജുകളിലെ വിദ്യാർഥികൾക്കും ചെറുകിട കച്ചവടക്കാർക്കും മയക്കുമരുന്ന് വിതരണം നടത്തുന്നയാളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
ബുധനാഴ്ച പുലർച്ച അഞ്ചരയോടെ കൊട്ടിയം ജങ്ഷനിൽ വെച്ചാണ് നൗഫൽ പൊലീസ് വലയിലാകുന്നത്. ബംഗളൂരുവിൽനിന്നെത്തിയ ആഡംബര ബസിൽ കൊട്ടിയത്ത് ഇറങ്ങുമ്പോൾ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. മയക്കുമരുന്നുമായി ഇയാൾ വരുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊട്ടിയം ജങ്ഷനിൽ ശക്തമായ പൊലീസ് സന്നാഹം ഒരുക്കിയിരുന്നു. ബസിൽ നിന്നിറങ്ങിയ ഉടൻതന്നെ നൗഫലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തുടർന്ന് നൗഫലിന്റെ ദേഹപരിശോധന നടത്തിയപ്പോഴാണ് അടിവസ്ത്രത്തിൽ പാക്കറ്റിൽ സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് കണ്ടെടുത്തത്. തുടർന്ന് ഇയാളെ ചോദ്യംചെയ്തതിൽ ഇയാൾ താമസിച്ചിരുന്ന കുളപ്പാടത്തെ മുറിയിൽനിന്ന് ഹഷീഷ് ഓയിലും കഞ്ചാവും മയക്കുമരുന്ന് തൂക്കാൻ ഉപയോഗിച്ച ത്രാസും കണ്ടെത്തി.
ബംഗളൂരുവിൽനിന്ന് വലിയ അളവിൽ മയക്കുമരുന്നു കടത്തിക്കൊണ്ടു വന്ന് വിദ്യാർഥികൾക്കിടയിൽ വിൽപന നടത്തുകയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. ഏതാനും മാസം മുമ്പും അന്തർസംസ്ഥാന സർവിസ് നടത്തുന്ന ആഡംബരബസിൽ മയക്കുമരുന്നുമായി വന്നിറങ്ങിയ ഒരാളെ കൊട്ടിയം പൊലീസ് പിടികൂടിയിരുന്നു.
സ്വകാര്യ മെഡിക്കൽ കോളജിൽ കോഴ്സ് പൂർത്തിയാക്കിയ നൗഫൽ സപ്ലിമെന്ററി പരീക്ഷയെഴുതുന്നതിനായി തങ്ങുന്നതിനിടയിലാണ് മയക്കുമരുന്നു കച്ചവടവും നടത്തിയിരുന്നത്. കൊട്ടിയം, പാരിപ്പള്ളി എസ്.എച്ച്.ഒമാരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കൊല്ലം സിറ്റി ഡാൻസാഫ് ടീമും ചേർന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.