ബ്യൂട്ടിഷ്യന്റെ കൊലപാതകം: അവിശ്വസനീയം, അപ്രതീക്ഷിതം...
text_fieldsകൊട്ടിയം: നാട്ടുകാർക്കും ഒപ്പംജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ജീവനക്കാർക്കും തികച്ചും അവിശ്വസനീയമായിരുന്നു ബ്യൂട്ടീഷ്യൻ ട്രെയിനറായിരുന്ന സുചിത്ര പിള്ളയുടെ തിരോധനം. ദിവസങ്ങൾക്ക് ശേഷം പൊലീസ് കണ്ടെത്തിയ നിഷ്ഠൂരമായ കൊലപാതകമാകട്ടെ അതിലേറെ അപ്രതീക്ഷിതവും.
ഇപ്പോൾ, യുവതിയെ കൊന്ന് മൃതദേഹം വെട്ടിമുറിച്ച് കുഴിച്ചിട്ട കേസിൽ പ്രതി പ്രശാന്ത് നമ്പ്യാർക്ക് ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും വിധിച്ചിരിക്കുകയാണ് കോടതി. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലൊക്കെ ഏറെ പ്രാവിണ്യമുണ്ടായിരുന്നതിനാൽ ട്രെയ്നർ എന്നതിലുപരി കൊല്ലത്തെ അതിപ്രശസ്തമായ ബ്യൂട്ടി പാർലറിന്റെ മാനേജർ കൂടിയായിരുന്നു സുചിത്ര പിള്ള.
മുംബൈയടക്കം അന്തർസംസ്ഥാന നഗരങ്ങളിലെ നിരവധി കോസ്മെറ്റിക് കമ്പനികളിൽ മീറ്റിങ്ങുകൾക്ക് സ്ഥാപനത്തിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതും സുചിത്ര പിള്ളയായിരുന്നു. സ്ഥാപനത്തിലാകട്ടെ നൂറോളംവരുന്ന ജീവനക്കാരെ സമർഥമായി നയിച്ചിരുന്നതും ഇവർ തന്നെ. അതുകൊണ്ടുതന്നെ സ്ഥാപനത്തിലെ അതീവ വിശ്വസ്തയായ മാനേജ്മെന്റ് പ്രതിനിധിയായിരുന്നു.
അതുകൊണ്ടു തന്നെ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ട്രെയ്നിങ്ങിനായി പോകണമെന്ന് പിതാവിനെയും മാതാവിനെയും പറഞ്ഞ് വിശ്വസിപ്പിക്കുന്നതിനും ഇവർക്കായി. സ്ഥാപനത്തിലാകട്ടെ ഭർത്താവിന്റെ മാതാവിനെ ശുശ്രൂഷിക്കാൻ പോകുന്നതിന് അഞ്ചുദിവസത്തിലേറെ അവധി വേണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ പുറപ്പെട്ടത്.
സ്ഥാപനത്തിന്റെ ഉടമകൾക്കും അവിശ്വസിക്കാൻ കാരണമൊന്നുമില്ലാത്തതിനാൽ അവധിയും നൽകി. അവധിയെടുത്തദിവസങ്ങൾ കഴിഞ്ഞിട്ടും മടങ്ങിയെത്താതായതോടെയാണ് സ്ഥാപനത്തിൽനിന്ന് അന്വേഷണം വീട്ടിലേക്കെത്തുന്നത്. അപ്പോഴാണ് സ്ഥാപനത്തിന്റെ ആവശ്യത്തിനായല്ല സുചിത്ര പുറപ്പെട്ടതെന്ന് വീട്ടുകാരും അറിയുന്നത്.
ഫോണിൽ പിതാവും മാതാവുമായി ദിവസേന ഇവർ സംസാരിച്ചിരുന്നു. പെട്ടെന്ന് ഫോൺ വിളിയും നിലച്ചു. ഫോണിൽ ബന്ധപ്പെടാൻ സാധിക്കാതായതോടെയാണ് രക്ഷിതാക്കൾ കൊട്ടിയം പൊലീസിനെ പരാതിയുമായി സമീപിക്കുന്നത്.
കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് പാലക്കാട് സ്വദേശി പ്രശാന്ത് നമ്പ്യാരോടൊപ്പമാണ് കൊല്ലത്തുനിന്ന് സുചിത്ര പോയിട്ടുള്ളതെന്ന് കണ്ടെത്തി. ഇദ്ദേഹത്തിനെ രണ്ട് പ്രാവശ്യം വിളിച്ചുവരുത്തി ചോദ്യം ചെയ്തെങ്കിലും പൊലീസിനെ സമർഥമായി കബളിപ്പിച്ചു.
അന്വേഷണം കാര്യക്ഷമമായി നടക്കാത്തതിനാൽ രക്ഷിതാക്കൾ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ജില്ല പൊലീസ് സൂപ്രണ്ടിന് നൽകിയ നിർദേശത്തെ തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് അസി. കമീഷണറായിരുന്ന ഗോപകുമാറിന്റെ നേതൃത്വത്തിൽ ദിവസങ്ങൾക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കി മൃതദേഹം കണ്ടെത്തി പ്രതിയെ പിടികൂടുകയായിരുന്നു. സർക്കാർ അന്വേഷണ ഉദ്യോഗസ്ഥർക്ക് റിവാർഡ് നൽകി ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.