പാലങ്ങൾ മൂടി, ആറ്റിൽ കുളവാഴ; വീടുകളിൽ വെള്ളം കയറി
text_fieldsകൊട്ടിയം: ദേശീയപാത പുനർനിർമാണഭാഗമായി ബൈപാസ് റോഡിൽ ചൂരാങ്ങൽ ആറ്റിന് കുറുകെയുള്ള രണ്ട് പാലങ്ങൾ മണ്ണിട്ട് മൂടിയതും ആറ്റിൽ കുളവാഴ കയറിയതും മൂലം നിരവധി വീടുകളിൽ വെള്ളം കയറി. ചൂരാങ്ങൽ പാലത്തിന് സമീപം പെരുങ്കുളം നഗറിലെ ഇരുപതിൽപരം വീടുകളിലും സാരഥി പാലത്തിന് സമീപത്തെ വീടുകളിലുമാണ് വെള്ളം കയറിയത്. വീടുകളിലെ സെപ്റ്റിക്ടാങ്കുകളിൽ വെള്ളം നിറഞ്ഞ് മലിനജലം കിണറുകളിലും നിറഞ്ഞതോടെ പ്രദേശത്ത് ജനജീവിതം ദുരിതത്തിലായി. ആറ്റിലെ ദുർഗന്ധം വമിക്കുന്ന മലിനജലമാണ് വീടുകളിൽ കയറിയത്. സംഭവമറിഞ്ഞെത്തിയ കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ കോർപറേഷന്റെ വടക്കേവിള മേഖലാ ഓഫിസിൽ തള്ളിക്കയറി സൂപ്രണ്ടിനെ ഉപരോധിച്ചു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പാലത്തറ രാജീവ്, കടകംപള്ളി മനോജ്, മണികണ്ഠൻ, ശ്യാം മോഹൻ, ലിജു എന്നിവരുടെ നേതൃത്വത്തിലാണ് ഉപരോധ സമരം നടത്തിയത്. സ്ഥലത്തെത്തിയ ഇരവിപുരം പൊലീസിന്റെ സാന്നിധ്യത്തിൽ സൂപ്രണ്ട് ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും കോർപറേഷൻ അധികൃതർ പ്രതിഷേധക്കാരൊടൊപ്പം സ്ഥലം സന്ദർശിച്ച് നിലവിലെ സ്ഥിതി വിലയിരുത്താമെന്ന ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിക്കുകയുമായിരുന്നു.
തുടർന്ന് കോർപറേഷൻ സൂപ്രണ്ട് വിനോദ് ചന്ദ്ര, മേജർ ഇറിഗേഷൻ അസി. എക്സിക്യൂട്ടിവ് എൻജിനീയർ അൻസാരി, അസി. എൻജിനീയർ ശ്രീനാഥ് എന്നിവർ സ്ഥലത്തെത്തി. ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകാനായി മടങ്ങിയ സംഘത്തെ നാട്ടുകാർ തടഞ്ഞു. പാലം പണിക്കായി മണ്ണിട്ട് മൂടിയ ഭാഗം ഇന്നുതന്നെ തുറന്നുകൊടുക്കാൻ ഹൈവേ അതോറിറ്റിക്ക് കത്ത് നൽകുകയും ആറ്റിലെ കുളവാഴ നീക്കുന്നതിനായി തിങ്കളാഴ്ച കരാറുകാരുടെ യോഗം വിളിക്കാൻ തീരുമാനമായതോടെയുമാണ് രണ്ടുമണിക്കൂറിന് ശേഷം ഉദ്യോഗസ്ഥരെ വിട്ടയച്ചത്.
ബൈപാസ് റോഡിൽ സാരഥിക്ക് തെക്കും വടക്കുമായി രണ്ട് വലിയപാലങ്ങൾ നിർമിക്കുന്നതിനായാണ് ചൂരാങ്ങൽ ആറ് മണ്ണിട്ട് നികത്തിയത്.
വീടുകളിൽ വെള്ളം കയറാൻ തുടങ്ങിയപ്പോൾതന്നെ പൊതുപ്രവർത്തകനായ അയത്തിൽ നിസാം വിവരം ജില്ല കലക്ടെറയും ഹൈവേ നിർമാണ കരാറുകാരെയും അറിയിച്ചിരുന്നു.
പെരുങ്കുളം നഗർ 69 മുതൽ 89 വരെയുള്ള വീടുകളിലാണ് വെള്ളം കയറിയത്. ഈ വീടുകളിൽ ഓട്ടിസം ബാധിച്ചവരും കിടപ്പുരോഗികളും പോളിയോ ബാധിതരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.