കുട്ടികളുടെ ഇരുചക്ര വാഹനയാത്ര; നിരത്തിൽ ജീവനുകൾ പൊലിയുന്നത് തുടർക്കഥ
text_fieldsകൊട്ടിയം: പ്രായപൂർത്തിയാകാത്ത കുട്ടികൾ ബൈക്കുകളിലും സ്കൂട്ടറുകളിലും ചീറിപ്പായുന്നതിനെതിരെ നടപടി സ്വീകരിക്കാൻ അധികൃതർ വിമുഖത കാട്ടുന്നതിനാൽ അപകടങ്ങളും അപകടമരണങ്ങളും തുടർക്കഥയാകുന്നു.
കഴിഞ്ഞ ഏതാനും ദിവസത്തിനുള്ളിൽ ഇത്തരത്തിൽ കുട്ടികൾ ഓടിച്ച വാഹനങ്ങൾ അപകടത്തിൽപെട്ട് രണ്ട് ജീവനുകളാണ് പൊലിഞ്ഞത്. മൈലാപ്പൂരിൽ പ്ലസ് വൺ വിദ്യാർഥി ഓടിച്ച സ്കൂട്ടർ നിയന്ത്രണംവിട്ട് ലോറിക്ക് പിന്നിലിടിച്ച് ഒരു പ്ലസ് വൺ വിദ്യാർഥി മരിക്കുകയും ഒപ്പം ഉണ്ടായിരുന്ന മറ്റൊരു വിദ്യാർഥിക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞദിവസം മുണ്ടയ്ക്കൽ തുമ്പറയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയോടിച്ച ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു. കുട്ടികൾ വാഹനം ഓടിച്ചുണ്ടാകുന്ന അപകടങ്ങളിൽ രക്ഷാകർത്താക്കൾക്കെതിരെ കേസെടുക്കുമെന്ന് പറയുന്നുണ്ടെങ്കിലും പലപ്പോഴും നടക്കാറില്ല. ബൈക്ക്, സ്കൂട്ടർ എന്നിവയുമായി സ്കൂളിലെത്തുന്ന വിദ്യാർഥികൾക്ക് ലൈസൻസുണ്ടോ എന്ന് പരിശോധിക്കാൻ സ്കൂൾ അധികൃതരും തയാറാകുന്നില്ല.
മോട്ടോർവാഹന വകുപ്പും പൊലീസും പരിശോധനകൾ നടത്തുന്നുണ്ടെങ്കിലും പലപ്പോഴും ഇത്തരക്കാർ പിടിക്കപ്പെടാറില്ല. ഇടറോഡുകളിലാണ് ഇത്തരക്കാർ ബൈക്കുകളിലും സ്കൂട്ടറുകളിലും പായുന്നത്. ഏതാനും ദിവസം മുമ്പ് അപകടങ്ങൾ നടന്നതും ഇടറോഡുകളിലാണ്. കുട്ടികൾക്ക് ഓടിക്കാനായി വാഹനം കൊടുക്കരുതെന്ന അധികൃതരുടെ നിർദേശം രക്ഷാകർത്താക്കൾ പാലിക്കാറില്ല.
കുട്ടികളോടിക്കുന്ന വാഹനങ്ങളിടിച്ച് ഇനിയും ജീവനുകൾ പൊലിയാതിരിക്കാൻ അധികൃതർ സ്കൂളുകളും ഇടറോഡുകളും കേന്ദ്രീകരിച്ച് പരിശോധനകൾ കർശനമാക്കണമെന്ന ആവശ്യവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.