മരണമുനമ്പിൽനിന്ന് യുവതിക്ക് രക്ഷാകരം നീട്ടി കോളജ് വിദ്യാർഥി
text_fieldsകൊട്ടിയം: കോളജ് വിദ്യാർഥിയുടെ അവസരോചിത ഇടപെടലിൽ യുവതിക്ക് പുതുജീവൻ. ട്രെയിനിൽനിന്ന് ഇറങ്ങവെ കാൽവഴുതി പ്ലാറ്റ്ഫോമിലേക്ക് വീണ് ബോധമറ്റ യുവതിയെ ദൂരേക്ക് വലിച്ചുമാറ്റിയാണ് വിദ്യാർഥി രക്ഷകനായത്.
തിങ്കളാഴ്ച രാവിലെ 8.30ന് മയ്യനാട് റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലാണ് സംഭവം. മയ്യനാട് പാലവിളയിൽ സുരഭിയാണ് (35) അപകടത്തിൽപെട്ടത്. അഞ്ചാം ക്ലാസ് വിദ്യാർഥിയായ മകൻ റിഥിക്കുമായി മധുരയിൽനിന്ന് മയ്യനാട്ടെ വീട്ടിലേക്ക് എത്തിയതായിരുന്നു സുരഭി.
ട്രോളി ബാഗുമായി പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങവെ ട്രെയിൻ നീങ്ങിത്തുടങ്ങിയിരുന്നു. പെട്ടെന്ന് ഇറങ്ങവെ കാൽവഴുതി പ്ലാറ്റ്ഫോമിലേക്ക് മുഖമടിച്ചു വീണു.
ട്രെയിൻ മുന്നോട്ടുപോയതിനാൽ മകൻ റിഥിക് പുറത്തേക്കിറങ്ങിയില്ല. വീഴ്ചയിൽ ബോധം പോയ യുവതിയെ പ്ലാറ്റ്ഫോമിൽ നിൽക്കുകയായിരുന്ന കോളജ് വിദ്യാർഥി പെട്ടെന്നുതന്നെ ദൂരേക്ക് വലിച്ചിട്ടു. ഇവരുടെ കാൽ പ്ലാറ്റ്ഫോമിനും ബോഗിക്കും ഇടയിൽ കുടുങ്ങിയിരുന്നു.
അപകടം കണ്ട് ഓടിയെത്തിയ, ട്രെയിനിൽ വന്നിറങ്ങിയ മയ്യനാട് കെ.എസ്.ഇ.ബി സബ് എൻജിനീയർ മിത, വിമുക്തഭടൻ സഞ്ജിത് എന്നിവരും കോളജ് വിദ്യാർഥിയും ചേർന്ന് യുവതിയെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. യുവതിയുടെ മുഖത്തിനും കാലിനും പരിക്കേറ്റു.
ഇവരെ ആശുപത്രിയിലെത്തിച്ചശേഷം ഉടൻ കോളജിലേക്ക് പോയതിനാൽ വിദ്യാർഥിയുടെ വിവരങ്ങൾ അറിവായിട്ടില്ല. യുവതിയെ പിന്നീട് മേവറത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്നയുടൻ ട്രെയിനിലുണ്ടായിരുന്ന റിഥിക് ടി.ടി.ഇയെ വിവരമറിയിച്ചു.
കൊല്ലത്ത് ട്രെയിൻ എത്തിയപ്പോൾ റെയിൽവേ പൊലീസെത്തി കുട്ടിയെ സ്റ്റേഷനിലേക്ക് മാറ്റി. അപകടം നടന്ന മയ്യനാട് റെയിൽവേ സ്റ്റേഷനിൽ സുരഭിയുടെ ഫോണും ബാഗും സൂക്ഷിച്ചിരുന്നു. ഫോണിലേക്ക് സുരഭിയുടെ അമ്മയുടെ ഫോൺ വിളി വന്നു. ഉടൻ വീട്ടുകാരെയും ഭർത്താവിനെയും വിവരമറിയിച്ചു.
സുരഭിയുടെ മാതാവിന്റെ സഹോദരൻ കൊല്ലത്തെത്തി റിഥികിനെ കൂട്ടിക്കൊണ്ടു പോയി. മയ്യനാട് സ്വദേശിയായ സുരഭി ഏറെനാളായി ഭർത്താവുമൊത്ത് മധുരയിലാണ് താമസം. വിജയദശമി അവധി പ്രമാണിച്ച് മയ്യനാട്ടെ വീട്ടിലേക്ക് മകനുമായി എത്തിയതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.