സുരക്ഷ ഒരുക്കാതെ ഹൈവേ നിർമാണം; ബൈക്ക് യാത്രികന് കുഴിയിൽ വീണ് പരിക്ക്
text_fieldsകൊട്ടിയം: ദേശീയപാത നിർമാണ ഭാഗമായി കൊട്ടിയം ഇ.എസ്.ഐ ജങ്ഷനിലെടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. ഉമയനല്ലൂർ, അമരവിള വീട്ടിൽ ഷംസുദ്ദീനാണ് വീണ് വാരിയെല്ലിന് പരിക്കേറ്റ് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഞായറാഴ്ച രാത്രി 10ഓടെ കൊട്ടിയത്തുനിന്ന് ഉമയനല്ലൂർ ഭാഗത്തേക്ക് വരവേയാണ് അപകടം.
ഹൈവേ നിർമാണത്തിനായി വലിയ കുഴികൾ എടുക്കുന്ന ഭാഗങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിക്കാതെ റിബൺ കെട്ടിയിരിക്കുന്നതാണ് അപകടങ്ങൾക്ക് വഴിയൊരുക്കുന്നത്. കഴിഞ്ഞദിവസം രാത്രിയിൽ ഒരു ലോറിയും ഈ ഭാഗത്തു കുഴിയിലേക്ക് വീണിരുന്നു.
സുരക്ഷ ഒരുക്കാതെയുള്ള നിർമാണ പ്രവർത്തനങ്ങൾക്കെതിരെ കൊട്ടിയത്ത് പ്രതിഷേധം ഉയരുന്നുണ്ട്. നിർമാണം നടക്കുന്ന സ്ഥലങ്ങളിലെല്ലാം അനുദിനം അപകടങ്ങൾ പെരുകുകയാണ്. കഴിഞ്ഞ മാസം മൂന്നുപേർ മരിച്ചു. ഈ വിഷയത്തിൽ കൊട്ടിയം പൗരവേദി കൊല്ലം ജില്ല ലീഗൽ സർവിസ് അതോറിറ്റിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അതോറിറ്റി സെക്രട്ടറി കൊട്ടിയം ജങ്ഷനിൽ ഇടക്ക് സന്ദർശനം നടത്തിയിരുന്നു.
ഹൈവേ അതോറിറ്റിക്കെതിരെ കേസെടുക്കണം -കൊട്ടിയം പൗരവേദി
കൊട്ടിയം: കുഴിയിൽ വീണ് വഴി യാത്രക്കാരന് പരിക്കേറ്റ സംഭവത്തിൽ നാഷനൽ ഹൈവേ അതോറിറ്റി, കരാർ കമ്പനി എന്നിവരെ പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്യണമെന്ന് കൊട്ടിയം പൗരവേദി ആവശ്യപ്പെട്ടു. ദേശീയപാത നിർമാണം ആരംഭിച്ച സമയം മുതൽ സുരക്ഷ ഒരുക്കണം എന്ന ആവശ്യം പൗരവേദി ഉന്നയിക്കുന്നുണ്ട്. ജനങ്ങളുടെ ജീവൻ പന്താടിയല്ല വികസനം കൊണ്ടുവരേണ്ടത്.
യാത്രക്കാർക്ക് സുരക്ഷ ഒരുക്കാനുള്ള ബാധ്യത കരാർ കമ്പനിക്കും ദേശീയപാത അതോറിറ്റിക്കും ഉണ്ട്. കുഴികൾ എടുത്തിരിക്കുന്ന സ്ഥലങ്ങളിൽ അടിയന്തരമായി ബാരിക്കേഡുകൾ സ്ഥാപിച്ചില്ലെങ്കിൽ നിർമാണ പ്രവൃത്തികൾ പൗരവേദിയുടെ നേതൃത്വത്തിൽ ജനങ്ങൾ തടയാൻ തയാറാകുമെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.