ഇഴഞ്ഞ് ദേശീയപാത നിർമാണം; ജനം ദുരിതത്തിൽ
text_fieldsകൊട്ടിയം: ദേശീയപാതയുടെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമാകുന്നു. പാലത്തറ, കല്ലുംതാഴം എന്നിവിടങ്ങളിൽ മേൽപ്പാലം നിർമിച്ചെങ്കിലും ഇരുവശത്തുമായുള്ള റോഡ് നിർമാണം തുടങ്ങിയ അവസ്ഥയിൽ തന്നെയാണ്. മേവറം, കൊട്ടിയം, മൈലക്കാട്, ചാത്തന്നൂർ എന്നിവിടങ്ങളിൽ പാലം നിർമാണം എത്തിയിട്ടില്ല. പല സ്ഥലത്തും മേൽപ്പാലങ്ങളുടെയും അനുബന്ധ റോഡുകളുടെയും നിർമാണം നിലച്ച നിലയിലാണ്. ഇത്തിക്കര പാലത്തിന്റെ തൂണുകൾ മാത്രമാണ് പൂർത്തിയായത്.
കല്ലുവാതുക്കൽ ഭാഗത്ത് പാറ ജങ്ഷനിൽ പാറ പൊട്ടിച്ചു മാറ്റാത്തത് മൂലം നിർമാണം വൈകുന്നു. പുനർനിർമാണത്തിന്റെ ഭാഗമായി റോഡരികിൽ ഉണ്ടായിരുന്ന തെരുവുവിളക്കുകളും ഹൈമാസ്റ്റ് വിളക്കുകളും എടുത്തു മാറ്റിയതിനെ തുടർന്ന് രാത്രികാലങ്ങളിൽ ദേശീയപാത കൂരിരുട്ടിലാണ്. പാലത്തറ മെഡിസിറ്റി ആശുപത്രിക്കു സമീപം റോഡിനായെടുത്ത കുഴിയിൽ വെള്ളം കയറി തോടുപോലെ കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞു.
ജലഅതോറിറ്റിയുടെയും കെ.എസ്.ഇ.ബിയുടെയും മെല്ലെപോക്കും, മണ്ണ് കിട്ടാത്തതും നിർമാണ പ്രവർത്തികൾ വൈകുന്നതിന് കാരണമാകുന്നു. ജലഅതോറിറ്റി പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നത് കൂടുതലും സർവീസ് റോഡിലാണ്. അതിനാൽ ചാത്തന്നൂർ ടൗൺ ഭാഗത്ത് നിർമാണം വൈകുന്നു.
അടിപാതകൾ ഗതാഗതത്തിനു തുറക്കാൻ പാകത്തിലുള്ള പ്രവൃത്തി നടക്കുന്നുണ്ടെങ്കിലും എന്ന് തുറക്കുമെന്ന കാര്യത്തിൽ യാതൊരു നിശ്ചയവുമില്ല. ഉമയനല്ലൂർ, കല്ലുവാതുക്കൽ, ശീമാട്ടി, തിരുമുക്ക് ഊറാംവിള തുടങ്ങിയ സ്ഥലങ്ങളിൽ അടിപ്പാതയിൽ കെട്ടികിടക്കുന്ന വെള്ളത്തിലൂടെയാണ് യാത്രക്കാർ മറുവശത്തേക്ക് പോകുന്നത്. കല്ലുംതാഴം മുതൽ പാരിപ്പള്ളി വരെ ഗതാഗതക്കുരുക്കും പതിവുകാഴ്ചയായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.