ഒമാനിൽ മരിച്ച നഴ്സിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം
text_fieldsകൊട്ടിയം: ഒമാനിലെ നിസ്വയിൽ വാഹനാപകടത്തിൽ മരിച്ച കൊട്ടിയം സ്വദേശിയായ നഴ്സിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി.
ഇതിനായി മരിച്ച നഴ്സിന്റെ ഭർത്താവും ബന്ധുക്കളും വെള്ളിയാഴ്ച പുലർച്ച ഒമാനിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ട് മൂന്നോയോടെ മസ്കത് ഇബ്രി ഹൈവേയിലുണ്ടായ അപകടത്തിലാണ് കൊട്ടിയം മൈതാനത്തിനടുത്ത് അനീഷ് മൻസിലിൽ അനീഷിന്റെ ഭാര്യ ഷാർജ ഇല്യാസ് (29) ഉൾപ്പെടെ മൂന്നുപേർ മരിച്ചത്.
നിസ്വ ആശുപത്രിയിൽനിന്ന് ജോലികഴിഞ്ഞ് താമസസ്ഥലത്തേക്ക് നടന്നുപോവുകയായിരുന്ന നഴ്സുമാരാണ് അപകടത്തിൽപെട്ടത്. റോഡിന്റെ ഒരുഭാഗം മുറിച്ച് മറുഭാഗത്തേക്ക് കടക്കാൻ കാത്തുനിൽക്കുകയായിരുന്ന ഇവരുടെമേൽ പരസ്പരം കൂട്ടിയിടിച്ച രണ്ട് വാഹങ്ങൾ ഇടിച്ചുകയറുകയായിരുന്നു.
ഉടനെ തന്നെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭർത്താവിനും കുഞ്ഞിനുമൊപ്പം ഒമാനിലായിരുന്ന ഷാർജ ഫെബ്രുവരി 10നാണ് അവധിക്ക് നാട്ടിലെത്തി മടങ്ങിയത്.
ഭർത്താവും കുഞ്ഞും തിരികെ പോകാനിരിക്കവെയാണ് ഷാർജയെ വിധി തട്ടിയെടുത്തത്. ഷാർജയുടെ മരണവിവരം അറിഞ്ഞപ്പോൾ മുതൽ കൊട്ടിയത്തെ ഇവരുടെ വീട്ടിലേക്ക് ജനപ്രവാഹമായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെ പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ് ഇവരുടെ വീട്ടിലെത്തി കുടുംബത്തെയും ഭർത്താവിനെയും ആശ്വസിപ്പിച്ചിരുന്നു. ഒമാനിൽ വെള്ളിയാഴ്ച അവധിയായതിനാൽ അടുത്ത പ്രവൃത്തിദിനങ്ങളിൽ നടപടി പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.