മാലിന്യം തള്ളിയ ശേഷം കത്തിക്കുന്നു; പോളയിൽ ഭാഗത്ത് ജനങ്ങൾ ദുരിതത്തിൽ
text_fieldsകൊട്ടിയം: മാലിന്യം തള്ളിയ ശേഷം കത്തിക്കുന്നത് ഒരു പ്രദേശത്തെ ദുരിതത്തിലാക്കുന്നു. മാലിന്യം കത്തിക്കുമ്പോഴുണ്ടാകുന്ന പുകയും രൂക്ഷഗന്ധവും പ്രദേശത്തെ നിരവധി പേരെ രോഗബാധിതരാക്കി. മാലിന്യ നിക്ഷേപത്തോടൊപ്പം സാമുഹിക വിരുദ്ധർ തമ്പടിക്കുന്നതും നാട്ടുകാർക്ക് ഭീഷണിയായി. നെടുമ്പന പഞ്ചായത്തിലെ പതിനാലാം വാർഡായ മുട്ടയ്ക്കാവ് പോളയിൽ ഭാഗത്താണ് ലോറികളിൽ ലോഡുകണക്കിന് മാലിന്യം തള്ളുന്നത്.
ആശുപത്രി മാലിന്യം, അപ്ഹോൾസ്റ്ററി കടകളിൽ നിന്നുള്ളവ, ഇലക്ട്രോണിക് മാലിന്യം, ബേക്കറി ഉൽപന്നങ്ങൾ നിർമിക്കുന്നിടത്തുനിന്നുള്ള അവശിഷ്ടം എന്നിവയാണ് രാത്രി കാലങ്ങളിൽ പോളയ്ക്ക് സമീപം തള്ളുന്നത്.
ഇവിടെയെത്തുന്ന സാമൂഹിക വിരുദ്ധ സംഘങ്ങളാണ് മാലിന്യത്തിന് തീയിടുന്നത്. ഇലക്ട്രിക് സാധനങ്ങളിൽ നിന്നും കമ്പികൾ ശേഖരിക്കുന്നതിന് വേണ്ടിയാണ് തീയിടുന്നത്. കഴിഞ്ഞ ദിവസം ആശുപത്രി മാലിന്യം ഉൾപ്പടെ കത്തി പ്രദേശമാകെ പുക നിറയുകയും താമസക്കാർക്ക് ശ്വാസ മുട്ട് അനുഭവപ്പെടുകയും ചെയ്തു. നാട്ടുകാർ അറിയിച്ചതനുസരിച്ച് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. മുട്ടയ്ക്കാവിൽ നിന്ന് മുടീച്ചിറയിലേക്ക് പോകുന്ന ഭാഗത്താണ് പോളയുള്ളത്. വർഷങ്ങൾക്ക് മുമ്പ് ചെളിയെടുത്തതിനെ തുടർന്ന് വെള്ളക്കെട്ടായി കിടക്കുന്ന പ്രദേശമാണ്. ഇവിടെ ഇപ്പോഴും ആശുപത്രി മാലിന്യങ്ങൾ ഉൾപ്പടെ കുന്നുകൂടി കിടപ്പുണ്ട്.
പഞ്ചായത്ത് അധികൃതർക്കുൾപ്പടെ നിരവധി തവണ നാട്ടുകാർ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ആളൊഴിഞ്ഞ പോളയുടെ തീരത്ത് ചൂതുകളിക്കാനെത്തുന്ന സാമൂഹിക വിരുദ്ധ സംഘങ്ങളുമുണ്ട്. ഏതാനും മാസം മുമ്പ് ചീട്ടുകളിയിൽ നിന്ന് ലഭിച്ച പണം കൈക്കലാക്കുന്നതിനു വേണ്ടി കശുവണ്ടി ഫാക്ടറിയിൽ ജോലി നോക്കിയിരുന്ന ബംഗ്ലാദേശ് സ്വദേശിയെ ഇഷ്ടിക കമ്പനി തൊഴിലാളികളായ രണ്ട് അന്തർ സംസ്ഥാനയുവാക്കൾ കൊലപ്പെടുത്തി കുഴിച്ചുമൂടിയതും ഇവിടെയായിരുന്നു. രാത്രി കാലങ്ങളിൽ മാലിന്യങ്ങളുമായി ഇവിടേക്ക് ലോറികൾ പോകുന്നതിന്റെ ദൃശ്യങ്ങൾ പരിസരത്തെ നിരീക്ഷണ കാമറകളിലുണ്ട്. പൊലീസ്, ആരോഗ്യ വകുപ്പ് അധികൃതരുടെ ഭാഗത്തു നിന്ന് അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.