മേവറത്ത് മോഷ്ടാക്കളുടെ അഴിഞ്ഞാട്ടം; പരസ്യവാഹനത്തിന്റെ ജനറേറ്റർ കടത്തി
text_fieldsകൊട്ടിയം: ബൈപാസ് റോഡിൽ മേവറത്തിനടുത്ത് മോഷ്ടാക്കളുടെ അഴിഞ്ഞാട്ടം. കഴിഞ്ഞ ഏതാനും ദിവസം മുമ്പ് ഹെൽമറ്റ് ധരിച്ച് ബൈക്കിൽ എത്തിയ യുവാവ് റോഡരികിലുള്ള സ്ഥാപനത്തിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന പരസ്യവാഹനത്തിന്റെ ജനറേറ്റർ കവർന്നു. ബൈപാസ് റോഡിലുള്ള ഏതാനും തട്ടുകടകളുടെ ജനറേറ്ററുകളും മോഷണം പോയിട്ടുണ്ട്. പ്രദേശത്ത് കഴിഞ്ഞ കുേറ നാളായി മോഷണം തുടർക്കഥയാണ്. ബൈപാസ് റോഡിന് സമീപം സ്ഥാപിച്ചിരുന്ന ക്ഷേത്രവഞ്ചികൾ കുത്തിത്തുറന്ന് പണം അപഹരിച്ച സംഭവം ഉണ്ടായിട്ടും പൊലീസിന് മോഷ്ടാക്കളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പരസ്യവാഹനത്തിൽനിന്ന് ജനറേറ്റർ മോഷ്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് കൈമാറിയിട്ടും അന്വേഷണമുണ്ടായില്ല. ജനറേറ്ററുമായി മോഷ്ടാവ് പോകുമ്പോൾ നൈറ്റ് പട്രോളിങ്ങിലുള്ള പൊലീസ് വാഹനം റോഡിൽ കിടക്കുന്നുണ്ടായിരുന്നു. കൊട്ടിയം പൊലീസിന്റെ അനാസ്ഥയാണ് മോഷ്ടാക്കളുടെ അഴിഞ്ഞാട്ടം വർധിക്കാൻ കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ബൈപാസ് റോഡിന്റെ ഒരുവശം ഇരവിപുരം പൊലീസ് സ്റ്റേഷന്റെ പരിധിയിലും മറുവശം കൊട്ടിയത്തിന്റെ പരിധിയിലുമാണ്. രണ്ട് പൊലീസ് സ്റ്റേഷനുകളിൽ നിന്നും ബൈപാസ് റോഡിൽ രാത്രികാലവാഹന പരിശോധനയും പട്രോളിങ്ങും ഊർജിതമാക്കിയാൽ മോഷണങ്ങൾ തടയാനാകുമെന്നാണ് നാട്ടുകാരും വ്യാപാരികളും പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.