നൂതനാശയങ്ങളുടെ സ്വന്തം ഹാഷിം വിദ്യാലയ പടിയിറങ്ങി
text_fieldsകൊട്ടിയം: പുസ്തകത്തൊട്ടിലിന്റെ പിതാവും കുട്ടി പൊലീസിന്റെ ചേട്ടനുമാണ് ഹാഷിം. 36 വർഷത്തെ അധ്യാപക ജീവിതത്തിൽ നിന്ന് പടിയിറങ്ങുമ്പോഴും കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസ രംഗത്ത് അദ്ദേഹം സമ്മാനിച്ച നൂതന ആശയങ്ങൾ സൂര്യതേജസോടെ തിളങ്ങുന്നു. കേവലം നാലക്ഷരം പഠിപ്പിച്ച് വീട്ടിലേക്ക് പോകുന്ന ‘സാറമ്മാരുടെ’ ഇടയിൽ ഈ മാതൃകാ അധ്യാപകൻ സൃഷ്ടിച്ച ആശയങ്ങൾ ആയിരക്കണക്കിന് വിദ്യാലയങ്ങളിൽ ഇന്നും അക്ഷരം തെറ്റാതെ പാലിക്കപ്പെടുകയാണ്.
36 വർഷത്തെ സേവനത്തിലൂടെ ഉമയനല്ലൂർ വാഴപ്പള്ളി എൽ.പി.എസിനെ മികവുറ്റ വിദ്യാലയമാക്കാൻ മുന്നിൽ നിന്ന ഹാഷിം കഴിഞ്ഞദിവസം സ്കൂളിന്റെ പടിയിറങ്ങി. 35 വർഷങ്ങളായി ഉപജില്ല കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും അറബിക് കലോത്സവത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പുകൾ നേടുന്നതിന് നേതൃത്വം നൽകിയത് ഇദ്ദേഹമായിരുന്നു. സംസ്ഥാനത്തെ സ്കൂളുകൾ മാതൃകയാക്കിയ നിരവധി പ്രോജക്ടുകൾക്കുപിന്നിൽ ഇദ്ദേഹമായിരുന്നു.
സംസ്ഥാനത്ത് ആദ്യമായി ‘പുസ്തകത്തൊട്ടിൽ’ സ്ഥാപിച്ച് പുസ്തകശേഖരണവും വായനപരിപോഷണവും എന്ന ആശയം സ്കൂളിൽ നടപ്പാക്കി. മറ്റ് കുട്ടികൾക്ക് വായിക്കാനായി പുസ്തങ്ങൾ കൊണ്ടുവന്ന് പുസ്തകതൊട്ടിലിൽ നിക്ഷേപിക്കുകയായിരുന്നു പദ്ധതി. ഇത് പിന്നീട് എസ്.എസ്.എ അഗീകരിക്കുകയും സംസ്ഥാനത്തെ നൂറ് കണക്കിന് സ്കൂളുകളിൽ മാതൃകയാക്കുകയും ചെയ്തു.
സംസ്ഥാനത്ത് സ്റ്റുഡൻറ് പൊലീസ് കാഡറ്റ് പദ്ധതിക്ക് മുമ്പുതന്നെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ പ്രത്യേക യൂനിഫോമിൽ ‘കുട്ടി പൊലീസായി’ സേവനരംഗത്തിറക്കി. സ്കൂളിൽ കുട്ടികൾക്ക് അമ്മമാരുടെ സാന്നിധ്യം ലഭിക്കാൻ ‘അമ്മ ഒപ്പമുണ്ട്’ പദ്ധതി നടപ്പാക്കി.
കൊതുക് നിവാരണ പ്രവർത്തനവും കുട്ടികൾ വീടുകളിൽ കയറിയുള്ള ആരോഗ്യ ബോധവത്കരണ പരിപാടികളും വർഷങ്ങളോളം ഇദ്ദേഹം സംഘടിപ്പിച്ചു. വിഷലിപ്തമായ പച്ചക്കറികൾക്കുവിട നൽകി ‘പപ്പായ ക്ലബ്’ സ്കൂളിൽ രൂപവത്കരിച്ച് ചക്ക, മാങ്ങ, വാഴപ്പിണ്ടി, ഇലക്കറികൾ തുടങ്ങി നാടൻവിഭവങ്ങൾ ഉപയോഗിക്കാൻ ബോധവത്കരിച്ചു.
കുട്ടികളിലെ സർഗവാസനകളെ പരിപോഷിപ്പിക്കാൻ ‘ശലഭം ക്ലബും’ അനാഥരെ സഹായിക്കാൻ ‘അണ്ണാറക്കണ്ണൻ ക്ലബും’ ഹാഷിമിന്റെ ആശയങ്ങളിലുദിച്ച മികച്ച പ്രവർത്തനങ്ങളാണ്.
വേറിട്ട ആശയങ്ങളും പ്രവർത്തനങ്ങളും, സമൂഹിക പ്രതിബദ്ധത, ആത്മാർഥത എന്നിവ ഈ അധ്യാപകന്റെ മുഖമുദ്രയാണ്. മികച്ച കലാകാരനും സാമൂഹിക പ്രവർത്തകനുമാണ്. രണ്ട് തവണ ജനപ്രതിനിധിയായിട്ടുണ്ട്. പുതിയ കെട്ടിടം നിർമിച്ച് സ്കൂളിനെ സ്മാർട്ട് സ്കൂളാക്കുകയെന്ന സ്വപ്നം പ്രാവർത്തികമാക്കി. സ്കൂൾ മാനേജർ കുപ്പായത്തിൽ അദ്ദേഹം ഒപ്പം കാണും എന്നത് രക്ഷാകർത്താക്കൾക്ക് ധൈര്യവും പ്രതീക്ഷയുമാവുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.