അന്തർസംസ്ഥാന തൊഴിലാളി ക്യാമ്പുകൾ നിരവധി എല്ലാം അനധികൃതം
text_fieldsകൊട്ടിയം: കൊട്ടിയത്തും പരിസരത്തുമുള്ള അന്തർസംസ്ഥാന തൊഴിലാളി ക്യാമ്പുകളെക്കുറിച്ചുള്ള യഥാർഥ കണക്കുകൾ പൊലീസിനോ പഞ്ചായത്ത് അധികൃതർക്കോ അറിയാത്ത അവസ്ഥ. ഓരോ ക്യാമ്പിലും എത്ര പേർ താമസിക്കുന്നുണ്ടെന്നും അവർ ഏതു സംസ്ഥാനക്കാരാണെന്നും ആർക്കുമറിയില്ല.
കോവിഡ് കാലത്ത് ക്യാമ്പുകളെക്കുറിച്ച് വിവരശേഖരണം നടത്തുകയും ഭക്ഷ്യധാന്യവിതരണം നടത്തുകയും ചെയ്തിരുന്നു. കോവിഡ് കഴിഞ്ഞതോടെ പലരും നാട്ടിലേക്ക് പോകുകയും പുതുതായി പലരും എത്തുകയും ചെയ്തു. ഏതാനും വർഷം മുമ്പ് ഇവർ ജോലി നോക്കുന്ന സ്ഥാപനങ്ങളിലെ ഉടമകൾ തൊഴിലാളികളുടെ ഐ.ഡി കാർഡിന്റെ പകർപ്പും ഫോട്ടോയും സ്റ്റേഷനിൽ നൽകുമായിരുന്നു.
ആദ്യമൊക്കെ രജിസ്ട്രേഷൻ ഫലപ്രദമായി നടന്നെങ്കിലും പിന്നീട് മുടങ്ങി. കുറ്റകൃത്യങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് പൊലീസ് ഇവരെ അന്വേഷിച്ചിറങ്ങുന്നത്. സർക്കാർ വക മദ്യവിൽപനശാലകളിൽനിന്ന് മദ്യം വാങ്ങി ചില്ലറ വിൽപന നടത്തുന്നവരും നിരോധിത പുകയില ഉൽപന്നങ്ങളും മയക്കുമരുന്നും നാട്ടിൽ നിന്ന് കൊണ്ടുവന്ന് വിൽപന നടത്തുന്നവരും വരെ അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിലുണ്ടെന്നാണ് പറയുന്നത്.
ആരോഗ്യവകുപ്പ് അധികൃതർക്കും ഇവരുടെ ക്യാമ്പുകളെക്കുറിച്ച് കാര്യമായ വിവരമില്ല. ഇതിനാൽ ക്യാമ്പുകളിൽ പരിശോധന നടത്താനോ ശുചീകരണപ്രവർത്തനങ്ങൾക്ക് ആവശ്യമായ നിർദേശം നൽകുന്നതിനോ ആരോഗ്യവകുപ്പിന് കഴിയുന്നില്ല. പലയിടത്തും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ക്യാമ്പുകളുടെ പ്രവർത്തനം.
കൂണുപോലെ മുളച്ചുപൊങ്ങുന്ന തൊഴിലാളി ക്യാമ്പുകളെക്കുറിച്ചും താമസക്കാരെക്കുറിച്ചും അവരുടെ തൊഴിലിനെക്കുറിച്ചും വിശദമായ അന്വേഷണം നടത്താൻ അധികൃതർ തയാറാകണമെന്ന ആവശ്യമാണ് ആലുവ സംഭവത്തോടെ ഉയർന്നുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.