മണ്ണിടിച്ചിൽ; അഞ്ച് കുടുംബങ്ങൾ അപകടമുനമ്പിൽ
text_fieldsകൊട്ടിയം: തൃക്കോവിൽവട്ടം പഞ്ചായത്തിലെ കിഴവൂരിൽ കരമണലെടുത്ത സ്ഥലം മണ്ണിടിച്ചിൽ ഭീഷണിയിൽ. വർഷങ്ങൾക്കുമുമ്പ് മേവറം ബൈപാസിന്റെ നിർമാണപ്രവൃത്തികൾ കരാർ എടുത്തിരുന്ന കമ്പനി കരമണ്ണിന്റെ ആവശ്യത്തിനായി വാങ്ങിയ വസ്തുവിൽ വൻ തോതിൽ കരമണൽ ഖനനം നടത്തുകയായിരുന്നു. തന്മൂലം പ്രദേശത്ത് വൻതോതിൽ കുഴി രൂപപ്പെട്ടു. തുടർന്ന് സമീപത്തെ പുരയിടങ്ങളിലെ വീടുകൾ ഉയരത്തിലായി. ശേഷം കമ്പനി വസ്തു മറ്റൊരാൾക്ക് വിറ്റു.
പരിസരത്തെ വീട് നിൽക്കുന്ന ഭാഗങ്ങൾ മണ്ണിടിഞ്ഞ് താഴേക്ക് പതിക്കുന്നതിനൊപ്പം ചുറ്റുമുള്ള മരങ്ങളും കടപുഴകുകയാണ്. കുട്ടികൾ മുതൽ വൃദ്ധർവരെ താമസിക്കുന്ന സ്ഥലം വലിയ അപകടഭീതിയിലാണ്. മാസങ്ങൾക്കുമുമ്പ് ഇവിടെ താമസിക്കുന്ന മണി എന്ന കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മണ്ണിടിഞ്ഞ് താഴേക്കുപോയിരുന്നു. മരത്തിൽ പിടിത്തം കിട്ടിയതിനാൽ മണ്ണ് മുകളിൽ വീഴാതെ രക്ഷപ്പെടുകയായിരുന്നു. ഗുരുതര പരിക്കേറ്റ് ഇയാൾ മാസങ്ങളോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രശ്നപരിഹാരമാവശ്യപ്പെട്ട് മണിയും കുടുംബവും വിവിധ വകുപ്പുകൾ, കലക്ടർ, ജനപ്രതിനിധികൾ തുടങ്ങി നിരവധിപേർക്ക് പരാതി നൽകിയെങ്കിലും നീതി ലഭിച്ചില്ല. ഒന്നുകിൽ വീടുകൾക്ക് സംരക്ഷണഭിത്തി കെട്ടുകയോ മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിക്കുകയോ വേണമെന്നാണ് ഇവരുടെ ആവശ്യം. കഴിഞ്ഞദിവസത്തെ മഴയിലും ഇവിടത്തെ വീടിന് സമീപത്തെ ഭാഗങ്ങൾ ഇടിഞ്ഞ് നിലംപതിച്ചിരുന്നു. മുഖ്യമന്ത്രിക്കും റവന്യൂമന്ത്രിക്കുമടക്കം ഇതിനോടകം ഇവർ പരാതി നൽകിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.