തേനീച്ചപ്പേടിയിൽ മാനാംകുന്ന്
text_fieldsകൊട്ടിയം: തേനീച്ചകൾ ഒരു പ്രദേശത്തെ ജനങ്ങളുടെയാകെ ഉറക്കം കെടുത്തുന്നു. മൂന്നു ദിവസത്തിനുള്ളിൽ ദമ്പതികളും മകളും ഉൾപ്പെടെ നിരവധി പേർക്ക് തേനീച്ചകളുടെ കുത്തേറ്റു. പശുക്കൾക്കും കുത്തേറ്റിട്ടുണ്ട്. കുത്തേറ്റ ഒരാളുടെ ശരീരത്തുനിന്നും കൊട്ടിയത്തെ സ്വകാര്യ ആശുപത്രി അധികൃതർ മുന്നൂറോളം തേനീച്ചക്കൊമ്പുകൾ പുറത്തെടുത്തു. ആദിച്ചനല്ലൂർ പഞ്ചായത്തിലെ 14ാം വാർഡിൽ മാനാംകുന്നിലാണ് സംഭവം.
രണ്ടു ദിവസം മുമ്പ് മാനാംകുന്ന് സ്വദേശിയായ അയ്യർ സ്വാമി, ഭാര്യ, മകൾ എന്നിവർക്ക് തേനീച്ചയുടെ കുത്തേറ്റിരുന്നു. ഇവരിൽ അയ്യർസ്വാമിയുടെ ഭാര്യയുടെ കണ്ണിനാണ് കൂടുതൽ കുത്തേറ്റത്. ഇവരെ ആദ്യം കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മേവറത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാവിലെയാണ് മാനാംകുന്ന് മൂലവിള തൊടിയിൽ ഷാജിയെ തേനീച്ചകൾ വളഞ്ഞിട്ട് കുത്തിയത്. ദേഹമാസകലം കുത്തേറ്റ ഷാജിയെ കൊട്ടിയം സിത്താര ജങ്ഷനിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് മുന്നൂറോളം കൊമ്പുകൾ ഇയാളുടെ ശരീരത്തിൽനിന്നും ഡോക്ടർമാർ പുറത്തെടുത്തു.
പിന്നീട് ഇദ്ദേഹത്തെ ഇ.എസ്.ഐ ആശുപത്രിയിലേക്ക് മാറ്റി. ശരീരത്തിൽ മുഴുവൻ തേനീച്ചകളുടെ കുത്തേറ്റ പശു അസ്വസ്ഥത കാട്ടി നിൽക്കുന്ന വിവരം മൃഗാശുപത്രി അധികൃതരെ അറിയിച്ചിട്ടും അവർ സ്ഥലത്ത് എത്തിയില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.
വിവരമറിഞ്ഞ് പഞ്ചായത്ത് അധികൃതരും, കൊട്ടിയം പൊലീസും സ്ഥലത്തെത്തിയിരുന്നു. എവിടെനിന്നാണ് തേനീച്ചകൾ കൂട്ടത്തോടെ എത്തുന്നതെന്ന് കണ്ടു പിടിക്കാൻ കഴിഞ്ഞിട്ടില്ല. അഗ്നിരക്ഷാസേന, വനം വകുപ്പ് എന്നിവരുമായി നാട്ടുകാർ ബന്ധപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന ആരോപണവുമുണ്ട്. ശനിയാഴ്ച രാവിലെ ഷാജിക്ക് തേനീച്ചയുടെ കുത്തേറ്റതോടെ പ്രദേശത്തെ വീട്ടുകാർ പലരും പുറത്തിറങ്ങാതെ വീടുകളിൽ കഴിയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.