മേവറം-കൊട്ടിയം ദേശീയപാത; ഗതാഗതക്കുരുക്കിന് പരിഹാരം വേണമെന്ന് ആവശ്യം
text_fieldsകൊട്ടിയം: ദേശീയപാതയിൽ മേവറം മുതൽ കൊട്ടിയംവരെയുള്ള ഭാഗത്ത് മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്ക് യാത്രക്കാർക്കും നാട്ടുകാർക്കും ദുരിതമാകുന്നു. വർഷങ്ങളായി ഈ ഭാഗത്തുണ്ടാകുന്ന ഗതാഗതക്കുരുക്ക് ദേശീയപാതയുടെ നിർമാണ പ്രവൃത്തികൾ കൂടിയായതോടെ വർധിച്ചു.
ഉമയനല്ലൂർ ഭാഗത്ത് റോഡിന്റെ ഒരുഭാഗത്ത് നിർമാണ പ്രവൃത്തി പുരോഗമിക്കുകയാണ്. ഇരുഭാഗത്തും താൽക്കാലിക സർവിസ് റോഡ് നിർമിച്ചിട്ടുമില്ല. അതിനാൽ ഒരേ വശത്തുകൂടിയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. ദേശീയപാതയുടെ ഇരുഭാഗത്തുനിന്നും റോഡുകൾ വന്ന് സംഗമിക്കുന്ന ഇവിടെ യാതൊരു സുരക്ഷാസൗകര്യങ്ങളും പൊലീസും നിർമാണകമ്പനി അധികൃതരും ഉണ്ടാക്കിയിട്ടില്ല.
അതുകൊണ്ട് തന്നെ വാഹനങ്ങൾക്ക് ദേശീയപാത മുറിച്ചുകടക്കണമെങ്കിൽ മണിക്കൂറോളം കാത്തുനിൽക്കണം. ഇത് ദേശീയപാതയിലൂടെ കടന്നുപോകുന്ന മറ്റ് വാഹനങ്ങൾക്കും തടസ്സം സൃഷ്ടിക്കുന്നു. പ്രദേശത്ത് കിലോമീറ്ററോളം നിർത്തിയിട്ട വാഹനങ്ങളുടെ നീണ്ടനിര സൃഷ്ടിക്കപ്പെടുകയുമാണ്. ഇതുമൂലം ആശുപത്രികളിലേക്ക് രോഗികളുമായി പോകുന്ന ആംബുലൻസുകൾക്കടക്കം കടന്നുപോകാൻ കഴിയാതെവരുന്നു.
രാവിലെയും വൈകുന്നേരവും സമയങ്ങളിൽ കൂടുതലായി ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് മൂലം വിവിധ ഓഫിസുകളിലേക്കുള്ള ജീവനക്കാർ, സ്കൂൾ, കോളജുകൾ എന്നിവിടങ്ങളിലേക്കു പോകുന്ന വിദ്യാർഥികൾ എന്നിവരടക്കം കുരുക്കിൽപെടുന്ന സ്ഥിതിയാണ്. റോഡിന്റെ വശങ്ങളിൽ വലിയ താഴ്ചയിൽ കുഴി എടുത്തിരിക്കുകയാണ്. ഇതിൽ വെള്ളം നിറഞ്ഞുകിടക്കുകയാണ്.
കാലൊന്നു തെറ്റിയാൽ കുഴിയിലെ വെള്ളത്തിലേക്ക് വീഴുന്ന അവസ്ഥ. സർവിസ് റോഡ് നിർമാണം എങ്ങുമെത്താതെ ഇഴഞ്ഞുനീങ്ങുകയാണ്. അടിയന്തിരമായി സർവിസ് റോഡുകൾ താൽക്കാലികമായെങ്കിലും തയാറാക്കി വർധിച്ചുവരുന്ന ഗതാഗതക്കുരുക്കിന് പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.