മുക്കത്ത് റെഗുലേറ്റർ കം ബ്രിഡ്ജ്: കാത്തിരിപ്പ് നീളുന്നു
text_fieldsകൊട്ടിയം: മയ്യനാട് മുക്കത്ത് റെഗുലേറ്റർ കം ബ്രിഡ്ജ് സ്ഥാപിക്കണമെന്ന ആവശ്യത്തിന് പരിഹാരം അകലെ. സർക്കാറുകളും ജനപ്രതിനിധികളും പ്രഖ്യാപനങ്ങൾ നടത്താറുണ്ടെങ്കിലും പ്രാവർത്തികമാകുന്നില്ല. മയ്യനാട് പഞ്ചായത്തിൽപെട്ട മുക്കത്ത് കായലും കടലും തമ്മിൽ അടുത്തടുത്തായുള്ള ഭാഗത്താണ് റെഗുലേറ്റർ കം ബ്രിഡ്ജ് സ്ഥാപിക്കുവാനായി അധികൃതർ സ്ഥലം കണ്ടെത്തിയത്. കായലിൽ ക്രമാതീതമായി ജലനിരപ്പ് ഉയരുമ്പോൾ ഇവിടെയുള്ള തീരദേശ റോഡ് വെട്ടിപ്പൊളിച്ച് പൊഴിമുറിക്കുകയും കായലിലെ വെള്ളം കടലിലേക്ക് ഒഴുക്കിവിടുകയാണ് പതിവ്. അതിനാൽ ഈ ഭാഗത്ത് നൂറു മീറ്ററോളം ദൂരത്തിൽ തീരദേശ റോഡ് പുനർനിർമാണം നടത്താതെ തകർന്നനിലയിൽ തന്നെയാണ്. പൊഴി മുറിച്ചുവിടേണ്ട ഭാഗം ഇവിടെയല്ലെന്നും പൊഴിക്കര ഭാഗത്താണെന്നുമാണ് പ്രദേശവാസികൾ പറയുന്നത്.
തീരദേശ ഹൈവേക്കായി സ്ഥലം ഏറ്റെടുക്കുന്നതിനായി കല്ലിട്ടു തുടങ്ങിയതോടെയാണ് ഇപ്പോൾ വീണ്ടും റെഗുലേറ്റർ കം ബ്രിഡ്ജ് എന്ന ആവശ്യം ശക്തമായത്. തീരദേശ ഹൈവേയുടെ നിർമാണം ആരംഭിക്കുമ്പോൾ ഡി.പി.ആറിൽ തീരദേശ റോഡിന് കുറുകെ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമാണംകൂടി ഉൾപ്പെടുത്തണമെന്ന ആവശ്യമാണ് ഉയരുന്നത്. ഇത്തരത്തിൽ ബ്രിഡ്ജ് നിർമിച്ചാൽ കായലിൽ ജലനിരപ്പ് ഉയരുമ്പോൾ വെള്ളം കടലിലേക്കും തിരിച്ചും ഒഴുക്കിവിടാനാകും. എ.എ. അസീസ് എം.എൽ.എയായിരുന്ന കാലത്താണ് ഇവിടെ റെഗുലേറ്റർ കം ബ്രിഡ്ജ് സ്ഥാപിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. ഇരവിപുരം, ചാത്തന്നൂർ മണ്ഡലങ്ങൾ ഉൾപ്പെട്ട സ്ഥലമാണ് ഇവിടം. അതിനാൽ രണ്ട് മണ്ഡലങ്ങളിലെയും എം.എൽ.എമാർ മുൻകൈയെടുത്തെങ്കിൽ മാത്രമേ പദ്ധതി നടപ്പാക്കാനാവൂവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.