കൊലപാതകം; ഞെട്ടലിൽനിന്ന് മോചിതരാകാതെ മുടീച്ചിറ നിവാസികൾ
text_fieldsകൊട്ടിയം: കശുവണ്ടി ഫാക്ടറി ജീവനക്കാരനായ ബംഗാൾ സ്വദേശിയെ ബ്ലേഡ് കൊണ്ട് കഴുത്തറുത്തശേഷം ജീവനോടെ കുഴിച്ചുമൂടിയ സംഭവത്തിന്റെ ഞെട്ടലിൽനിന്ന് മോചിതരാകാതെ കുളപ്പാടം മുടീച്ചിറ നിവാസികൾ. ചീട്ടുകളിച്ചുമടങ്ങുന്നതിനിടയിൽ പണം തട്ടിയെടുക്കുന്നതിന് വേണ്ടിയായിരുന്നു കൊലപാതകമെന്ന വാർത്ത നാട്ടുകാർക്ക് വിശ്വസിക്കാനായില്ല. വ്യാഴാഴ്ച രാത്രിയിൽ പ്രതികളുമായി ഉദ്യോഗസ്ഥസംഘം സംഭവസ്ഥലത്ത് എത്തിയപ്പോഴാണ് ജനത്തിന് വിശ്വാസമായത്.
പിടിയിലായ പ്രതികളെ കാണുന്നതിനായി വൻ ജനാവലി സംഭവസ്ഥലത്തും കണ്ണനല്ലൂർ പൊലീസ് സ്റ്റേഷൻ പരിസരത്തും തടിച്ചുകൂടി. ബംഗാളികൾ തന്നെയാണ് കൊല നടത്തിയതെന്നറിഞ്ഞതോടെ പരിസരപ്രദേശങ്ങളിലെ അന്തർ സംസ്ഥാന തൊഴിലാളികളോട് നാട്ടുകാർ തട്ടിക്കയറാൻതുടങ്ങി. നിരവധി ഇഷ്ടിക ഫാക്ടറികളും ക്വാറി, സാന്റ് ഫാക്ടറികളുമുള്ള ഇവിടെ നൂറുകണക്കിന് അന്തർസംസ്ഥാന തൊഴിലാളികളാണുള്ളത്. ഇവരിൽ പലരും ഇപ്പോൾ പുറത്തിറങ്ങാൻ ഭയക്കുകയാണ്.
പശ്ചിമ ബംഗാൾ കുച്ച്ബിഹാർ സ്വദേശി അൽത്താഫ്മിയ (29) ആണ് കൊല ചെയ്യപ്പെട്ടത്. മുട്ടയ്ക്കാവ് എസ്.എ കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരനായിരുന്നു. ബംഗാൾ ജയ്പാൽഗുഡി സ്വദേശികളായ ബികാസ് സെൻ (30), അൻവർ മുഹമ്മദ് (24) എന്നിവർ ചേർന്ന് ഇക്കഴിഞ്ഞ പതിനേഴിന് രാത്രിയിലാണ് ഇയാളെ കൊലപ്പെടുത്തിയത്.
മുടിച്ചിറയിൽനിന്ന് കുണ്ടുമണിലേക്ക് പോകുന്ന ഭാഗത്ത് ബണ്ട് തകർന്നുകിടക്കുകയാണ്. ഇതിനടുത്തെ ആൾപാർപ്പില്ലാത്ത പ്രദേശം സാമൂഹിക വിരുദ്ധരുടെയും അവധി ദിവസങ്ങളിൽ അന്തർസംസ്ഥാന തൊഴിലാളികളുടെയും താവളമാണ്. പൊലീസ് ഇത്തരം ഭാഗങ്ങളിലേക്ക് തിരിഞ്ഞുനോക്കാത്തതാണ് ഇത്തരക്കാർ ഇവിടെ താവളമാക്കാനും കൊലപാതകത്തിനും ഇടയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.