ദേശീയപാത; വീണ്ടും സ്ഥലം ഏറ്റെടുക്കാനുള്ള നീക്കം വിവാദത്തിലേക്ക്
text_fieldsകൊട്ടിയം: ദേശീയപാതക്കായി വീണ്ടും സ്ഥലം ഏറ്റെടുക്കാനുള്ള നീക്കം വിവാദത്തിലേക്ക്. കരാർ കമ്പനിയെ സഹായിക്കുന്നതിന് അലൈൻമെന്റിൽ മാറ്റം വരുത്തിയതാണ് വിവാദത്തിന് കാരണം. നീക്കം പുറത്തായതോടെ ദേശീയപാത അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദർശിച്ചു. എറണാകുളം ഭാഗത്തേക്ക് ബൈപാസ് ആരംഭിക്കുന്ന മേവറം ജങ്ഷനടുത്ത് സ്വകാര്യ ആശുപത്രി പ്രവർത്തിക്കുന്ന തട്ടാമല തയ്യിൽ കുടുംബത്തിന്റെ സ്ഥലം വീണ്ടും ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെയാണ് പരാതിയുയർന്നത്. ഒരു വീടും മൂന്നുകടകളും ഉണ്ടായിരുന്ന നിലവിലെ സ്ഥലം ഹൈവേക്കായി വിട്ടുകൊടുത്ത ശേഷം ബാക്കിയുണ്ടായിരുന്ന സ്ഥലത്താണ് സ്ഥലം ഏറ്റെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടറുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് പഞ്ചായത്തിൽ ഹാജരാക്കി പുതിയ നാലുനില കെട്ടിടം പണിഞ്ഞ് പ്രമുഖ ആശുപത്രിക്ക് നൽകിയത്.
ആശുപത്രി കെട്ടിടത്തിനോട് ചേർന്ന് മുന്നിലുള്ള സ്ഥലമാണ് ഇപ്പോൾ ഏറ്റെടുക്കുന്നതിനായി ത്രി.എ നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചിട്ടുള്ളത്. ആശുപത്രിയിലേക്കുള്ള വൈദ്യുതിക്കായുള്ള ട്രാൻസ്ഫോമറുകളും ഇവിടെയാണ് സ്ഥാപിച്ചിട്ടുള്ളത്. നിലവിലെ റോഡിന്റെ തെക്കുവശം ഏറ്റെടുത്തിരുന്ന സ്ഥലത്ത് കുറച്ചുസ്ഥലം വെറുതെയിട്ടിട്ട് ഓട നിർമിച്ചതിനാലാണ് വടക്കുഭാഗത്ത് വീണ്ടും സ്ഥലം ഏറ്റെടുക്കാൻ നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കേണ്ടി വന്നത്.
തെക്കുവശത്ത് ഏറ്റെടുത്തിരിക്കുന്ന ഭാഗത്ത് സ്ഥലം വെറുതെയിടാതെ തെക്കുവശം ഇട്ടിരിക്കുന്ന കല്ലിനോട് ചേർന്ന് ഓട നിർമിച്ചാൽ സ്ഥലം ഏറ്റെടുക്കേണ്ടി വരില്ലായിരുന്നുവെന്ന് വിദഗ്ധർ പറയുന്നു. അലൈൻമെൻറിൽ മാറ്റം വരുത്തി തടിയൂരാനുള്ള കരാർ കമ്പനി അധികൃതരുടെ നീക്കത്തെ തുടർന്ന് കരാർ കമ്പനി അധികൃതരും ദേശീയപാത അതോറിറ്റി അധികൃതരും തയ്യിൽ കുടുംബാംഗങ്ങളുമായി മധ്യസ്ഥചർച്ചകൾ നടത്തിയിരുന്നു. ഇത് ഫലം കാണാതെ വന്നതോടെയാണ് നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രോജക്ട് ഡയറക്ടർ സാഹു, ഡെപ്യൂട്ടി മാനേജർ വെങ്കിടേശ്, ലെയ്സൻ ഓഫിസർ അബ്ദുൽ റഹ്മാൻ എന്നിവരുടെ നേതൃത്വത്തിൽ കരാർ കമ്പനിയായ ശിവാലയയുടെ ഉദ്യോഗസ്ഥരും സർവേയർമാരുമടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ചത്.
മേവറത്ത് പുതുതായി ഏറ്റെടുക്കുന്ന സ്ഥലവും തെക്കുവശത്ത് ഓട നിർമിച്ച സ്ഥലത്തും സംഘം പരിശോധന നടത്തി നിലവിലെ പ്ലാനും മറ്റും പരിശോധിച്ചു. വിശദമായ ചർച്ചകൾക്കുശേഷം ആവശ്യമായ തീരുമാനം എടുക്കാനാണ് ഹൈവേ അതോറിറ്റി തീരുമാനം. സ്ഥലം ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ തയ്യിൽ കുടുംബം ഹൈവേ അതോറിറ്റിക്കും സ്ഥലം ഏറ്റെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടർ, ജില്ല കലക്ടർ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. അനുകൂല നടപടിയുണ്ടായില്ലെങ്കിൽ ഹൈകോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം. മേവറത്ത് നിലവിൽ ഫ്ലൈ ഓവറാണ് നിർമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.