ദേശീയപാത പുനർനിർമാണം; പൈപ്പ് പൊട്ടൽ തുടർക്കഥ, കുടിവെള്ള മുടക്കവും
text_fieldsകൊട്ടിയം: ദേശീയപാത നിർമാണത്തിനിടെ അടിക്കടി പൈപ്പുകൾ പൊട്ടുന്നത് പതിനായിരക്കണക്കിന് കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്നു. ദേശീയപാത പുനർനിർമാണം തുടങ്ങിയ ശേഷം കുടിവെള്ള പൈപ്പ് പൊട്ടിയതിന് യാതൊരു കണക്കും ഇല്ല.
വകുപ്പുകൾ തമ്മിൽ ഏകോപനം ഇല്ലാത്തതിനാൽ കുടിവെള്ള പൈപ്പുകൾ ഏതുവഴിയാണ് പോയിരിക്കുന്നതെന്ന് നിർമാണകമ്പനികൾക്ക് പോലും അറിയാത്ത സ്ഥിതിയാണ്. പൈപ്പ് പൊട്ടുമ്പോഴാണ് ഇതിനെക്കുറിച്ച് വാട്ടർ അതോറിറ്റി അധികൃതരോട് അന്വേഷിക്കുന്നത്. റോഡരികിൽ ഉണ്ടായിരുന്ന പൈപ്പുകൾ പുതിയ റോഡ് നിർമിച്ചതോടെ റോഡിന്റെ മധ്യഭാഗത്തുകൂടിയാണ് പോകുന്നത്.
പുനലൂരിലെ പനംകുറ്റി മലയിൽനിന്നാണ് ജപ്പാൻ കുടിവെള്ള പദ്ധതിക്കുള്ള വെള്ളം പമ്പ് ചെയ്യുന്നത്. ഇൗ വെള്ളം വലിയ വാട്ടർ ടാങ്കുകളിൽ നിറഞ്ഞ ശേഷം അവസാനമാണ് കൊല്ലത്തെ പഴയാറ്റിൻകുഴി ടാങ്കിലെത്തുന്നത്. വാൽവുകൾ എവിടെയൊക്കെയാണെന്ന് അറിയാത്തതിനാൽ പൈപ്പ് പൊട്ടിയാൽ പുനലൂരിൽ ഓഫ് ചെയ്യുകയാണ്. ഇതിനാൽ കൊല്ലം കോർപറേഷനിൽ ഉൾപ്പെടെ നിരവധി പഞ്ചായത്തുകളിൽ വെള്ളം കിട്ടാത്ത അവസ്ഥയുണ്ട്.
സർവിസ് റോഡിലേക്ക് മാറ്റിസ്ഥാപിച്ച ജല അതോറിറ്റിയുടെ പൈപ്പുകൾ ടെസ്റ്റിങ്ങിനിടെ പൊട്ടുന്നത് പതിവായി. ഓടക്കുസമീപം സ്ഥലമില്ലാത്തതിനാൽ ജല അതോറിറ്റിയുടെ പൈപ്പുകൾ ഇടുന്നത് സർവിസ് റോഡിലാണ്. പരവൂർ, മൈലക്കാട്, കൊട്ടിയം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന പ്രധാന പൈപ്പ് ലൈനാണ് അടിക്കടി പൊട്ടുന്നത്.
പൈപ്പ് ലൈൻ പൊട്ടുന്നത് സർവിസ് റോഡിന്റെ നിർമാണത്തെയും ബാധിച്ചിട്ടുണ്ട്. നിലവാരം കുറഞ്ഞ പൈപ്പുകളാണ് ഉപയോഗിച്ചത് എന്ന ആരോപണം ഉയർന്നതോടെ ജി.എസ്. ജയലാൽ അടക്കമുള്ള ജനപ്രതിനിധികൾ സ്ഥലത്തെത്തി പ്രവൃത്തികൾ നിർത്തിവെപ്പിച്ച് പൈപ്പ് ടെസ്റ്റിങ്ങിന് അയക്കാൻ തീരുമാനിക്കുകയായിരുന്നു.
ചാത്തന്നൂർ-പരവൂർ റോഡിൽ പ്ലാവിള ജങ്ഷനിലുള്ള ജലഅതോറിറ്റിയുടെ പ്രധാന വാൽവ് തകർന്ന് ദിനവും ലക്ഷക്കണക്കിന് ലിറ്റർ വെള്ളം പാഴാവുന്നുണ്ട്. മാൻഹോൾ തകർന്ന് റോഡിന്റെ മധ്യഭാഗത്തായി വലിയ കുഴി രൂപപ്പെട്ടിട്ടും ജല അതോറിറ്റി നടപടി സ്വീകരിച്ചില്ല.
പുനലൂരിൽനിന്ന് ചാത്തന്നൂർ ജെ.എസ്.എം ജങ്ഷനിലെ ജപ്പാൻകുടിവെള്ള പദ്ധതിയുടെ പ്രധാന ടാങ്കിലേക്ക് വെള്ളം കൊണ്ടുവരുന്ന പ്രധാന പൈപ്പാണ് അധികൃതരുടെ അനാസ്ഥമൂലം തകർന്നത്.
ഏതാനും ദിവസം മുമ്പ് ചാത്തന്നൂർ സ്റ്റാൻഡേർഡ് ജങ്ഷനിൽ ജപ്പാൻ കുടിവെള്ളപദ്ധതിയുടെ പൈപ്പ് പൊട്ടി മൂന്നുനില കെട്ടിടത്തിന്റെ ഉയരത്തിൽ വെള്ളം ഉയർന്നിരിക്കുന്നു. പുനലൂരിൽ വാൽവ് ഓഫ് ചെയ്താണ് വെള്ളമൊഴുക്ക് തടഞ്ഞത്. പൈപ്പ് പൊട്ടുന്നതോടെ റോഡുകളും തകരുകയാണ്. വാട്ടർ അതോറിറ്റിയുടെ വെള്ളം കിട്ടാതാകുന്നതോടെ കുടിവെള്ളം വിലക്കുവാങ്ങേണ്ട ദുരവസ്ഥയാണ് ആളുകൾക്ക്്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.