സംസ്ഥാനത്തെ മികച്ച കൊഞ്ചുകർഷകരിൽ ഒരാളായി മയ്യനാട് സ്വദേശി
text_fieldsകൊട്ടിയം: അവാർഡിന്റെ നിറവിലാണ് അറുപത്തിയൊന്നുകാരനായ അൻസാറുദ്ദീൻ. മൂന്നര പതിറ്റാണ്ടുകാലമായി കൊഞ്ചു കൃഷി നടത്തുന്ന ഈ കർഷകനെ തേടിയെത്തിയതാകട്ടെ സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ കൊഞ്ച് കർഷകനുള്ള അവാർഡും. 1989ൽ കൊഞ്ചു കൃഷിയിലേക്ക് ഇറങ്ങിയ മയ്യനാട് പുല്ലിച്ചിറ പുതുവൽ വീട്ടിൽ അൻസാറുദ്ദീൻ 1995ലാണ് സ്ഥലം വാടകക്ക് എടുത്ത് സ്വന്തമായി ചെമ്മീൻ കൃഷി തുടങ്ങുന്നത്. സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് ചെമ്മീൻ വിത്തു വാങ്ങിയായിരുന്നു തുടക്കം. പിന്നീട് മൽസ്യഫെഡ് ഹാച്ചറിയിൽ നിന്നും വിത്തുകൾ വാങ്ങാൻ തുടങ്ങി. നാല് ഏക്കർ മുതൽ 25 ഏക്കർ സ്ഥലം വരെ വാടകക്കെടുത്ത് കൊഞ്ചു കൃഷി നടത്തിയിട്ടുണ്ട്. മൽസ്യഫെഡ് ഉദ്യോഗസ്ഥരുടെ പ്രോൽസാഹനവും പിന്തുണയും സഹകരണവുമാണ് തന്നെ അവാർഡിന് അർഹനാക്കിയെതെന്ന് ഇദ്ദേഹം പറയുന്നു.
ആദിച്ചനല്ലൂർ പഞ്ചായത്തിലെ പതിനാലാം വാർഡിലെ പത്തായ കോടിയിൽ അഞ്ചേക്കർ സ്ഥലം പാട്ടത്തിനെടുത്ത് കഴിഞ്ഞ 11 വർഷമായി കൃഷി നടത്തി വരികയാണ്. കാര ചെമ്മീൻ കൃഷിയിലായിരുന്നു തുടക്കം. കൊഞ്ചിനൊടൊപ്പം കരിമീൻ, പൂമീൻ, ഞണ്ട് എന്നിവയും കൃഷി ചെയ്തിട്ടുണ്ട്. വർക്കല ഓടയത്തെ ഗവ. ഹാച്ചറി , അസാക് ഹാച്ചറി എന്നിവിടങ്ങളിൽ നിന്നാണ് ഇപ്പോൾ ചെമ്മീൻ കുഞ്ഞുങ്ങളെ വാങ്ങുന്നത്.
രാത്രി മുഴുവൻ കൊഞ്ചുകളത്തിന് സമീപം ഉറങ്ങാതെ കാവലിരിക്കും. വെള്ളത്തിനുണ്ടാകുന്ന മാറ്റങ്ങൾ എന്തിന്റെ സൂചനയാണെന്ന് ഇദ്ദേഹത്തിന് അറിയാം. ഇത്തവണ ഫെബ്രുവരി 15 മുതലായിരുന്നു വിളവെടുപ്പ്. പലപ്പോഴായി എട്ട് ടണ്ണോളം ചെമ്മീൻ ഇത്തവണ ലഭിച്ചിരുന്നു. ഫിഷറീസ് വകുപ്പാണ് തന്റെ നെടുംതൂണെന്നും, തനിക്ക് അവാർഡ് ലഭിക്കാൻ കാരണമായത് അവരുടെ അകമഴിഞ്ഞ പിന്തുണയാണെന്നും അൻസാറുദ്ദീൻ പറയുന്നു. ഭാര്യയുടെയും മക്കളുടെയും പിന്തുണയും ചെമ്മീൻ കൃഷിയിൽ ഇദ്ദേഹത്തിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.