പരിപാലനത്തിന് പണമില്ലെന്ന് വിശദീകരണം; ഹൈമാസ്റ്റ് ലൈറ്റുകൾ വേണ്ടെന്ന് നെടുമ്പന പഞ്ചായത്ത്
text_fieldsകൊട്ടിയം: എം.എൽ.എ അനുവദിച്ച എട്ട് ഹൈമാസ്റ്റ് ലൈറ്റുകൾ വേണ്ടെന്ന് നെടുമ്പന പഞ്ചായത്ത് ഭരണസമിതി. പരിപാലനത്തിന് പണമില്ലെന്ന കാരണം പറഞ്ഞാണ് തീരുമാനം. ഇതുസംബന്ധിച്ച ഭരണസമിതി യോഗ തീരുമാനത്തിന്റെ പകർപ്പ് പുറത്തുവന്നു. പോർക്കുളം പ്രദേശം, പുലിയില മജിസ്ട്രേറ്റ് ജങ്ഷൻ, ഭഗവാൻ മുക്ക്, രിഫായി മജിസ്ട്രേറ്റ് മുക്ക്, പുലിയില, ഖാദിരിയ മജ്ലിസ് സമീപം കുളപ്പാടം, മലവയൽ തൈക്കാവ് ജങ്ഷൻ, ഹെൽത്ത് സെന്ററിന് മുൻവശം എന്നിവിടങ്ങളിലാണ് പി.സി. വിഷ്ണുനാഥ് എം.എൽ.എയുടെ ഫണ്ടിൽനിന്ന് ഹെമാസ്റ്റ് ലൈറ്റ് അനുവദിച്ചത്.
എന്നാൽ, നിലവിലെ ഹൈമാസ്റ്റ് ലൈറ്റുകൾ അടക്കം തകരാറിലായത് നന്നാക്കാൻ ഭീമമായ ചെലവാണ് പഞ്ചായത്തിന് വരുന്നതെന്നാണ് ഭരണസമിതിയുടെ വാദം. ഇനിയും വിളക്കുകൾ സ്ഥാപിച്ചാൽ ചിലവ് താങ്ങാൻ കഴിയില്ലെന്നും അവർ പറയുന്നു. പഞ്ചായത്തിൽ നിലവിൽ എട്ട ഹൈമാസ്റ്റ് ലൈറ്റുകളും 37 മിനി ഹൈമാസ്റ്റ് ലൈറ്റുകളും 3500 എൽ.ഇ.ഡി വിളക്കുകളും 4000ത്തോളം ട്യൂബുകളുമുണ്ട്. ഇതിനായി എട്ടര ലക്ഷം രൂപയാണ് പ്രതിമാസം വൈദ്യുതി ബോർഡിന് അടക്കുന്നത്.
ഇത്രയധികം വിളക്കുകൾ സ്ഥാപിച്ചിട്ടുള്ള ഒരു പഞ്ചായത്ത് ജില്ലയിൽ ഇല്ലെന്ന് പഞ്ചായത്ത് പ്രസിഡൻറ് ഗിരിജ കുമാരി പറഞ്ഞു. ഇനിയും വിളക്കുകൾ സ്ഥാപിച്ചാൽ പഞ്ചായത്തിന് ചിലവ് താങ്ങാൻ കഴിയില്ല. ഇതിൽ രാഷ്ട്രീയമില്ല, മറ്റു പല കാര്യങ്ങൾക്കും എം.എൽ.എ ഫണ്ടിനായി സമീപിച്ചിട്ട് അനുവദിച്ചിട്ടില്ലെന്നും പ്രസിഡൻറ് പറഞ്ഞു. എന്നാൽ, പഞ്ചായത്ത് ഭരണസമിതി രാഷ്ട്രീയം കളിക്കുകയാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറിയും മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഫൈസൽ കുളപ്പാടം പറഞ്ഞു. ഭരണസമിതിയുടെ ജനദ്രോഹ തീരുമാനത്തിനെതിരെ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.