ദേശീയപാത സ്ഥലമെടുപ്പ്: നഷ്ടപരിഹാരം കുറയുന്നതായി ആശങ്ക
text_fieldsകൊട്ടിയം: ദേശീയപാത 66 സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ഉടമകൾക്ക് ലഭിക്കേണ്ട നഷ്ടപരിഹാരത്തിൽ വൻകുറവുണ്ടായതായി ആക്ഷേപം. നിലവിലുള്ള നിയമപ്രകാരം പ്രാഥമിക വിജ്ഞാപന തീയതിമുതൽ നഷ്ടപരിഹാര അവാർഡ് പാസാക്കുന്ന തീയതിവരെ 12 ശതമാനം വർധിപ്പിച്ച തുകക്ക് ഭൂവുടമകൾക്ക് അർഹതയുള്ളതാണ്.
എന്നാൽ, പ്രാഥമിക വിജ്ഞാപന തീയതി മുതൽ സ്പെഷൽ ഡെപ്യൂട്ടി കലക്ടർ ആൻഡ് കോമ്പീറ്റന്റ് അതോറിറ്റി വിശദ വിലവിവര സ്റ്റേറ്റ്മെന്റ് അംഗീകരിച്ച തീയതിവരെയാണ് ഇപ്പോൾ ഈ വർധന അനുവദിച്ചിട്ടുള്ളത്. ഇതുമൂലം പലർക്കും അടിസ്ഥാന ഭൂമി വിലയുടെ 200 മുതൽ 300 ദിവസം വരെയുള്ള വർധിപ്പിച്ച തുകയാണ് നഷ്ടപ്പെടുന്നത്.
ഏറ്റെടുക്കുന്ന ഭൂമിക്കും അതിലുൾപ്പെട്ട കെട്ടിടം ഉൾപ്പെടെയുള്ള നിർമിതികൾക്കും വൃക്ഷ-വിളകൾക്കും എത്ര വില വീതം നിശ്ചയിച്ചിട്ടുണ്ടെന്നും അവാർഡ് പാസാക്കി നൽകുന്ന ഉത്തരവുകൾ ലഭിക്കുമ്പോൾ മാത്രമാണ് ഭൂവുടമകൾക്ക് അറിയാൻ സാധിക്കുന്നത്. അനുവദിച്ച നഷ്ടപരിഹാരത്തിന്മേൽ ആക്ഷേപം ഉന്നയിക്കാൻ കഴിയാത്ത അവസ്ഥയും നിലവിലുണ്ട്. നഷ്ടപരിഹാരം നൽകിക്കഴിഞ്ഞാലുടൻ തന്നെ അതിലുൾപ്പെട്ട കെട്ടിടഭാഗങ്ങൾ പൊളിച്ചു നീക്കുമെന്നതിനാൽ പിന്നീടുള്ള ആർബിട്രേഷനിലും കോടതി വ്യവഹാരങ്ങളിലും ഏറ്റെടുത്ത യഥാർഥ കെട്ടിടഭാഗങ്ങളെ സംബന്ധിച്ച് ഉന്നയിക്കപ്പെടുന്ന അവകാശവാദങ്ങൾക്ക് സാധുത നൽകുന്ന തെളിവുകൾതന്നെ നഷ്ടപ്പെടുന്ന സ്ഥിതിയാണ്. ഇക്കാരണത്താൽ കെട്ടിടത്തിന്റെ ഏറ്റെടുത്ത തറ വിസ്തീർണം ഉദ്യോഗസ്ഥർ നിശ്ചയിച്ച കണക്കിൽപെട്ടതിനെക്കാൾ കൂടുതലാണെന്ന് തെളിയിക്കുന്നതിന് ഭൂവുടമകൾക്ക് കഴിയാതെയും വരും.
കെട്ടിടം, കിണർ, മതിൽ, ഗേറ്റ്, ഷീറ്റ് തുടങ്ങിയ നിർമാണങ്ങൾക്ക് ആകെ നിശ്ചയിച്ച വിലയുടെ ആറ് ശതമാനം സാൽവേജ് വാല്യു കുറച്ചുള്ള നഷ്ടപരിഹാരമാണ് ഇപ്പോൾ അനുവദിച്ചുവരുന്നത്. നിർബന്ധപൂർവം ഏറ്റെടുക്കുന്ന ഭൂമിയിൽ സ്ഥിതിചെയ്യുന്ന കെട്ടിടങ്ങൾ പൊളിച്ചുമാറ്റുമ്പോൾ കല്ലും മണ്ണും ഉൾപ്പെടെയുള്ള അതിന്റെ അവശിഷ്ടങ്ങൾ തങ്ങൾക്ക് ആവശ്യമില്ലെന്ന് ഭൂവുടമ പറഞ്ഞാൽ അതിന്റെ നിശ്ചയിച്ച നഷ്ടപരിഹാരം മുഴുവനായും ഉടമക്ക് നൽകേണ്ടത് സാമാന്യനീതിയുടെ ഭാഗമാണെന്നിരിക്കെ അത് നിഷേധിക്കപ്പെടുകയാണെന്നും ആക്ഷേപമുയരുന്നു.
പൊളിക്കൽ നടത്തുന്നത് കമ്പനിയാണെങ്കിൽ ശേഷിക്കുന്ന കെട്ടിട ഭാഗത്തിന്റെ സുരക്ഷിതത്വം നോക്കാതെ അത് ചെയ്യുമോ എന്നുള്ള ആശങ്കയും ഭൂവുടമകളെ പരിഭ്രാന്തിയിലാക്കുന്നു. ഈ ആശങ്ക മുതലെടുത്ത് കെട്ടിടം സ്വയം പൊളിക്കുന്നതിന് ഉടമകളോടുതന്നെ നിർദേശിച്ചുവരികയാണ് കമ്പനി ഇപ്പോൾ ചെയ്തുവരുന്നത്. ഏറ്റെടുത്ത പ്രവൃത്തി ഭൂവുടമകളെക്കൊണ്ട് ചെയ്യിച്ചിട്ട് ദേശീയപാത അതോറിറ്റിയിൽനിന്ന് കരാർ തുക തട്ടിയെടുക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും സംശയമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.