കാക്കിയിട്ട കാലത്ത് വീട്ടിൽ പ്ലാസ്റ്റിക് ശേഖരിച്ചു; വിരമിച്ചപ്പോഴേക്കും റീസൈക്കിൾ യൂനിറ്റായി
text_fieldsപ്ലാസ്റ്റിക്കിനോടുള്ള പോരാട്ടത്തിന് ശക്തിപകരുക ലക്ഷ്യമിട്ട് വീണ്ടുമൊരു പരിസ്ഥിതി ദിനം കൂടി എത്തുന്നു. മരം നടുന്നതിനപ്പുറം പരിസ്ഥിതിയെ ഗുരുതരമായി ബാധിക്കുന്ന മലിനീകരണത്തിനെ എങ്ങനെ ഒഴിവാക്കാമെന്നതാണ് ഈ ദിനത്തിൽ കാര്യമായി നാം ചിന്തിക്കേണ്ടത്. ഇത്തവണത്തെ ദിനാചരണത്തിന്റെ പ്രഖ്യാപിത സന്ദേശം തന്നെ പ്ലാസ്റ്റിക് മലിനീകരണത്തിനെ തോൽപ്പിക്കുക എന്നതാണ്
കൊട്ടിയം: കാക്കിയിട്ട കാലത്ത് തുടങ്ങിയതാണ് പ്ലാസ്റ്റിക്കിനോടുള്ള ഹാരിസിന്റെ ‘കലിപ്പ്’. കാക്കിയിൽ നിന്നിറങ്ങിയിട്ടും അത് മാറിയില്ലെന്നു മാത്രമല്ല പ്ലാസ്റ്റിക്ക് സൃഷ്ടിക്കുന്ന ദുരിതത്തിന് പരിഹാരം എന്നത് ജീവിതവ്രതമാക്കിയിരിക്കുകയാണിപ്പോൾ. കാൽ നൂറ്റാണ്ടേറെയായി പ്ലാസ്റ്റിക്കിനെതിരെ തുടരുന്ന ഒറ്റയാൾ പൊരാട്ടം പ്രകൃതിയെ ‘കരുതുന്ന’ വേറിട്ട കാഴ്ചയാണ്.
കൊല്ലം സിറ്റി പൊലീസ് ആസ്ഥാനത്തു നിന്ന് സബ് ഇൻസ്പെക്ടറായി ഏതാനും ദിവസം മുമ്പ് വിരമിച്ച മയ്യനാട് കീഴ്ചിറ ഹാരീസ് ഹൗസിൽ എം. മുഹമ്മദ് ഹാരീസിന്റെ പരിസ്ഥിതി സ്നേഹം പ്ലാസ്റ്റിക്കിനെ പാടെ മാറ്റിമറിക്കുന്ന പുനർചംക്രമണ യൂനിറ്റ് യാഥാർഥ്യമാക്കിയതിലെത്തി.
പൊലീസ് സേനയിൽ ജോലി നോക്കുമ്പോഴാണ് പ്ലാസ്റ്റിക് ഉണ്ടാക്കുന്ന വിപത്തുകൾ ജനങ്ങളിലെത്തിച്ചാലെന്താണെന്ന തോന്നലുണ്ടാകുന്നത്. പലരോടും ഇതേക്കുറിച്ച് ആശയ വിനിമയം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഒറ്റയ്ക്ക് ബോധവത്കരണ പ്രവർത്തനങളുമായി മുന്നോട്ടു പോയി.
വലിച്ചെറിഞ്ഞു പോകുന്ന പ്ലാസ്റ്റിക് ശേഖരിച്ച് വീട്ടുവളപ്പിൽ സൂക്ഷിച്ചു തുടങ്ങിയപ്പോൾ ഇയാൾക്ക് ഭ്രാന്താണോ എന്ന് ചോദിച്ചവരും, പരാതികൾ നൽകിയവരുമുണ്ട്. അവർക്കെല്ലാം കാലക്രമേണ തന്നെ അംഗീകരിക്കേണ്ടി വന്നതായും, പ്ലാസ്റ്റിക് കത്തിക്കുന്നതും വലിച്ചെറിയുന്നതും നിരോധിച്ചതോടെ തന്നെ എതിർത്തവർ പോലും തേടിയെത്തിയതായും അദ്ദേഹം പറയുന്നു.
വീട്ടുവളപ്പിൽ പ്ലാസ്റ്റിക് കൂടിയതോടെയാണ് ഭാര്യ നബീസ ബിലാൽ ഇൻഡസ്ട്രീസ് എന്ന പേരിൽ വീട്ടുവളപ്പിൽ പ്ലാസ്റ്റിക്ക് റീ സൈക്ലിങ് യൂനിറ്റ് ആരംഭിച്ചത്. പൊലീസ് സേനയിൽ നിന്ന് വിരമിച്ച ശേഷം കേരളാ സ്ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷന്റെ ജില്ല സെക്രട്ടറിയും, സംസ്ഥാന ഭാരവാഹിയുമായി തന്റെ ഈ രംഗത്തെ പ്രവർത്തനം തുടങ്ങി ഹാരിസ്.
വിദ്യാർഥികളിൽ പ്ലാസ്റ്റിക് മാലിന്യത്തെക്കുറിച്ച് അവബോധം ഉണ്ടാകുക എന്ന ലക്ഷ്യത്തോടെ കേരളാ പൊലീസ് അസോസിയേഷനും, സ്ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷനും ചേർന്ന് വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് സോഷ്യൽ തിങ്കിങ് എൻവയോൺമെന്റൽ പൊല്യൂഷൻ (സ്റ്റെപ്പ്) എന്ന പേരിൽ നടത്തുന്ന ബോധവത്കരണത്തിന് പ്രേരണയായതും ഹാരീസാണ്.
പ്ലാസ്റ്റിക്കിനെ പൂർണമായും നിരോധിക്കുക പ്രായോഗികമല്ലെന്നാണ് അദ്ദേഹം പറയുന്നത്. പ്ലാസ്റ്റിക് വലിച്ചെറിയുക എന്ന മനുഷ്യന്റെ ശീലം മാറണം. പ്ലാസ്റ്റിക്ക് ശേഖരണത്തിനായി പഞ്ചായത്തുകളിൽ ഹരിത കർമസേന വരും മുമ്പുതന്നെ അദ്ദേഹം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്ലാസ്റ്റിക് ശേഖരിച്ചു തുടങ്ങിയിരുന്നു. അഴിമതി രഹിതമായ 28 വർഷത്തെ സേവനത്തിന് ശേഷം കാക്കിയിൽ നിന്നും ഇറങ്ങിയ തന്റെ ശിഷ്ടജീവിതം ഭൂസംരക്ഷണത്തിനായിരിക്കുമെന്ന ദൃഢപ്രതിജ്ഞയിലാണ് അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.