പാര്‍ശ്വവത്കരിക്കപ്പെട്ട ജനതയുടെ സംരക്ഷണം സാമൂഹിക ഉത്തരവാദിത്തം -മന്ത്രി ആര്‍. ബിന്ദു
text_fieldsകൊട്ടിയം: പാര്‍ശ്വവത്കരിക്കപ്പെട്ട ജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുക സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു. പാസ്‌പോര്‍ട്ട്, വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവര്‍, ശിക്ഷ കാലാവധി കഴിഞ്ഞോ പരോളിലോ ജയില്‍മോചിതരാകുന്ന വിദേശികള്‍ എന്നിവരെ പാര്‍പ്പിക്കുന്നതിന് സംസ്ഥാനത്ത് ആദ്യമായി തുടങ്ങിയ ട്രാന്‍സിറ്റ് ഹോമിന്റെ ഉദ്ഘാടനം കൊട്ടിയത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
പലകാരണങ്ങളാലും സംസ്ഥാനത്ത് അകപ്പെട്ടുപോയ വിദേശ പൗരന്മാരെ വ്യവസ്ഥാപിതമായ രീതിയില്‍ പുനരധിവിസിപ്പിക്കുകയാണ് ട്രാന്‍സിറ്റ്‌ഹോമുകളുടെ ലക്ഷ്യം. പുതിയവ നിര്‍മിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്.
ഇതരരാജ്യങ്ങളില്‍ നിന്നെത്തി സംസ്ഥാനത്ത് അകപ്പെട്ടുപോയവര്‍ക്ക് നിയമാനുസൃതമായ എല്ലാ അടിസ്ഥാനസൗകര്യങ്ങളോടെയുമുള്ള പുനരധിവാസം ഇത്തരം കേന്ദ്രങ്ങളിലൂടെ ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. കൊട്ടിയം-മയ്യനാട് റോഡില്‍ അഞ്ച് മുറികളുള്ള ഇരുനില കെട്ടിടത്തില്‍ 20 പേരെ ഉള്‍ക്കൊള്ളാനാകും.
സാമൂഹികനീതി വകുപ്പിനാണ് പ്രവര്‍ത്തനചുമതല. എം. നൗഷാദ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ആര്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ ജി. നിർമല്‍ കുമാര്‍, അഡീഷനല്‍ എസ്.പി സോണി ഉമ്മന്‍ കോശി, മയ്യനാട് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഷാഹിദ, ജില്ല പഞ്ചായത്ത് അംഗം എസ്. സെല്‍വി, മയ്യനാട് പഞ്ചായത്ത് അംഗം വി. സോണി, സാമൂഹികനീതി വകുപ്പ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ അജയകുമാര്‍, ജില്ല സാമൂഹികനീതി ഓഫിസര്‍ ജോസ് ഫ്രാന്‍സിസ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.