നെടുമ്പന സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തു
text_fieldsകൊട്ടിയം: നെടുമ്പന സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. നെബു ജോണിനെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തു. ആക്രമണത്തില്‍ പരിക്കേറ്റ രോഗിക്ക് ചികിത്സ നല്‍കുന്നതുസംബന്ധിച്ച തര്‍ക്കവുമായി ബന്ധപ്പെട്ട് ഗുരുതരാവസ്ഥയിൽ ചികിത്സയിലുണ്ടായിരുന്ന ഇരുപത്തിയഞ്ചോളം രോഗികളെ നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്യുകയും ഇൻ പേഷ്യന്റ് വിഭാഗം അടച്ചുപൂട്ടുകയും ചെയ്തതിനെ തുടർന്നാണ് നടപടി. ഡി.എം.ഒയുടെയോ ബ്ലോക്ക് പഞ്ചായത്തിന്റെയോ അറിവോടെയായിരുന്നില്ല അടച്ചുപൂട്ടൽ.
ഇതിനെതിരെ നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജകുമാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഡോ. നെബു ജോണിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്ത് ആരോഗ്യവകുപ്പ് ഡയറക്ടര്‍ വ്യാഴാഴ്ച ഉത്തരവിറക്കിയത്. ഇദ്ദേഹം അപൂർവമായി മാത്രമേ രോഗികളെ പരിശോധിക്കാറുള്ളൂവെന്ന് ആരോപണമുണ്ടായിരുന്നു.
പരിശോധിച്ചാൽതന്നെ രോഗിയെ പുറത്തുനിര്‍ത്തി സെക്യൂരിറ്റിയെക്കൊണ്ട് ഒ.പി ടിക്കറ്റ് വാങ്ങി മരുന്ന് കുറിച്ചുകൊടുക്കുക മാത്രമാണ് ചെയ്തിരുന്നതെന്നും പറയുന്നു. ഇദ്ദേഹത്തിനെതിരെ ആശുപത്രിയിലെ വനിത ഡോക്ടർ നൽകിയ പരാതിയിൽ കണ്ണനല്ലൂർ പൊലീസ് കേസെടുത്തിരുന്നു. ഇതുസംബന്ധിച്ച അന്വേഷണത്തിൽ തെളിവെടുപ്പിന് ഡോ. നെബു ഹാജരായില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
പത്തേക്കർ വിസ്തൃതിയിൽ നിരവധി കെട്ടിടങ്ങളും ഒ.പി ബ്ലോക്ക്, ആധുനിക ലാബ്, എക്സ്റേ വിഭാഗം, ഐ.പി, ദന്തൽ ഒ.പി അടക്കം നിരവധി ചികിത്സാസൗകര്യവുമുള്ള ആശുപത്രിയിൽ ഇദ്ദേഹം ചുമതല ഏറ്റെടുത്തത് മുതൽ പ്രവർത്തനം അവതാളത്തിലായെന്ന് ആരോപിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തിൽ സമരം നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.