അജ്ഞാത വാഹനമിടിച്ച് യുവാവിന്റെ മരണം: പൊലീസ് ഗുരുതര വീഴ്ചവരുത്തിയെന്ന് ബന്ധുക്കൾ
text_fieldsകൊട്ടിയം: അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ച സംഭവത്തിലെ കേസന്വേഷണത്തിൽ പൊലീസ് ഗുരുതര വീഴ്ചവരുത്തിയതായി ബന്ധുക്കൾ. കാര്യക്ഷമായ അന്വേഷണം നടത്താത്തതിനാൽ വാഹനം കണ്ടെത്താനോ കുറ്റവാളികളെ പിടികൂടാനോ ആകാത്ത സാഹചര്യമാണെന്ന് കാട്ടി ബന്ധുക്കൾ സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകി.
മയ്യനാട് തെക്കുംകര പുല്ലിച്ചിറ ഷബീന മൻസിലിൽ ഷിജു (33) വാഹനമിടിച്ച് മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയും ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടുമാണ് പിതാവ് അബ്ദുൽ സമദ് സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയത്.
ഡിസംബർ ഒമ്പതിന് രാത്രി പത്തരയോടെ കൊട്ടിയം ജങ്ഷനടുത്തുണ്ടായ അപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷിജു ജനുവരി 10നാണ് മരിച്ചത്. ഹോട്ടൽ തൊഴിലാളിയായ ഷിജു ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ദേശീയപാതയിലൂടെ അമിതവേഗത്തിലെത്തിയ കാർ ഇടിച്ചുതെറിപ്പിച്ചത്.
തൊട്ടടുത്ത ദിവസം തന്നെ സഹോദരി കൊട്ടിയം പൊലീസിന് പരാതി നൽകിയിരുന്നു. എന്നാൽ, പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനോ ഇടിച്ച വാഹനം ഏതാെണന്ന് കണ്ടെത്തുന്നതിനോ നടപടി സ്വീകരിച്ചില്ലെന്ന് ബന്ധുക്കൾ പറയുന്നു.
പിന്നീട് ഇവർ സ്വമേധയാ സമീപത്തെ കടകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഷിജുവിനെ ഇടിച്ചു തെറിപ്പിക്കുന്ന ദൃശ്യങ്ങൾ കണ്ടെത്തിയതും അതൊരു കാറാെണന്ന് സ്ഥിരീകരിച്ചതും. ഈ ദൃശ്യങ്ങൾ പൊലീസിന് കൈമാറിയെങ്കിലും തുടരന്വേഷണം നടത്തിയില്ല.
നാളിതുവരെയായിട്ടും വ്യക്തതയുള്ള ദൃശ്യങ്ങൾ ശേഖരിക്കുന്നതിന് പൊലീസിനായില്ല. അപകടം നടന്ന് ഒരു മാസത്തിലേറെ കഴിഞ്ഞതിനാൽ പലയിടത്തുനിന്നും ഇനി ദ്യശ്യങ്ങൾ ലഭിക്കില്ലെന്ന സംശയമാണ് ബന്ധുക്കൾ ഉന്നയിക്കുന്നത്. ഹോട്ടലിൽ കൂലിപ്പണിയെടുത്തായിരുന്നു ഷിജു തന്റെ നിർധന കുടുബം പോറ്റിയിരുന്നത്. ഷിജുവിന്റെ ചികിത്സ കാരണം തന്നെ വലിയ സാമ്പത്തിക ബാധ്യതയിലായ കുടുംബത്തിനെ തകർത്തുകൊണ്ടാണ് മരണവുമെത്തിയത്.
അപകടം വരുത്തിയ വാഹനം കണ്ടെത്തുന്നതിനും കുറ്റവാളികളെ പിടികൂടുന്നതിനും ഉന്നതതല ഇടപെടലുകൾ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും ആവശ്യം. മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകുന്നതിനുള്ള ശ്രമത്തിലാണിവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.