മുഖത്തലയെ നടുക്കത്തിലാക്കി രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ മരണം
text_fieldsകൊട്ടിയം: ഒരു നാട്ടുകാരും, ചെറുപ്പക്കാരുമായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ മരണം മുഖത്തല ഗ്രാമത്തെയാകാതെ ദുഃഖത്തിലാക്കി. രണ്ടു ദിവസത്തിനുള്ളിൽ തൃശൂർ ജില്ലയിൽ ജോലി നോക്കി വരുന്ന മുഖത്തല സ്വദേശികളായ രണ്ടു പൊലീസ് ഉദ്യോഗസ്ഥരാണ് മരിച്ചത്. തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ഗീതുകൃഷ്ണൻ ഞായറാഴ്ചയും തൃശൂർ കൈപ്പമംഗലം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറായ ആനന്ദ് തിങ്കളാഴ്ചയുമാണ് മരിച്ചത്.
തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ ജോലി നോക്കിയിരുന്ന സിവിൽ പൊലീസ് ഓഫിസർ ഗീതുകൃഷ്ണൻ ഞായറാഴ്ച സ്റ്റേഷനിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. തിങ്കളാഴ്ച രാത്രി കൈപ്പമംഗലത്ത് ഉണ്ടായ വാഹനാപകടത്തിലാണ് ആനന്ദ് മരിച്ചത്. മുഖത്തല ഗ്രാമത്തിൽ ഏകദേശം അര കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന ചെറുപ്പക്കാരായ രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ വിയോഗം നാടാകെ ഞെട്ടലോടെയാണ് കേട്ടത്.
സാമ്പത്തിക വിഷയങ്ങളാണ് ഗീതുകൃഷ്ണന്റെ ആത്മഹത്യക്ക് പിന്നിൽ എന്നു കരുതുന്നു. മുഖത്തല കുറുമണ്ണാച്ചേരിയിൽ ഉഷാവിലാസത്തിൽ തുളസീധരൻപിള്ളയുടെയും ഉഷാകുമാരിയുടെയും മകനായിരുന്നു ഗീതുകൃഷ്ണൻ. ഭാര്യ: അഞ്ജന. മകൾ: ദേവനന്ദ. ദേശീയപാത 66 കൈപ്പമംഗലം അറവുശാലയിൽവെച്ച് മിനിലോറിക്ക്പിന്നിൽ ബൈക്കു കൂട്ടിയിടിച്ചുള്ള അപകടത്തിലാണ് ആനന്ദ് മരിച്ചത്. മുഖത്തല അരുൺ നിവാസിൽ പരേതനായ ശിവശങ്കരപ്പിള്ളയുടെ മകനാണ്. ആനന്ദ്.
ഭാര്യ: അനന്തലക്ഷ്മി. സഹോദരൻ: അരുൺ (ദുബൈ). ബുധനാഴ്ച രാവിലെ 11ന് സംസ്കാര ചടങ്ങുകൾ സ്വവസതിയിൽ നടക്കും. ഹൃദ്യമായ പെരുമാറ്റവും ഇടപെടലുംകൊണ്ട് നാട്ടിലെ സാമൂഹിക പ്രവർത്തനങ്ങളിൽ ഇടപെട്ടിരുന്ന ഇരുവരുടെയും വിയോഗം നാടിനും ഏറെ നഷ്ടമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.