കോവിഡ്കാലത്തും ജാഗ്രതയില്ല; രേഖകൾ വാങ്ങാൻ ഭൂഉടമകളെ കൂട്ടത്തോടെ വിളിച്ചുവരുത്തി
text_fieldsകൊട്ടിയം: ദേശീയപാതക്കായി സ്ഥലം ഏറ്റെടുക്കുന്നതിന് വേണ്ടി ഭൂഉടമകളിൽനിന്ന് രേഖകളുടെ പരിശോധനസ്ഥലം ഏറ്റെടുപ്പ് വിഭാഗം തഹസിൽദാറുടെ ഓഫിസിൽ തുടങ്ങി. കോവിഡ് കാലത്ത് രേഖകൾ നൽകുന്നതിന് വലിയ തിരക്കാണ് കൊല്ലൂർവിള പള്ളിമുക്കിലുള്ള തഹസിൽദാരുടെ ഓഫിസിൽ അനുഭവപ്പെട്ടത്.
വടക്കേവിള വില്ലേജ് ഓഫിസിെൻറ മുകളിലത്തെ നിലയിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്. ആളുകൾ കൂട്ടംകൂടുന്നത് കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന അധികൃതരുടെ അറിയിപ്പ് നിലനിൽക്കുമ്പോഴാണ് രേഖകൾ വാങ്ങുന്നതിനായി തഹസിൽദാർ ഓഫിസിലേക്ക് ഭൂഉടമകളെ വിളിച്ചുവരുത്തിയത്.
രേഖകളുമായി എത്തിയവരിൽ 65 കഴിഞ്ഞവരും ഉണ്ടായിരുന്നു. ഇവർ വീടുകളിൽനിന്നും പുറത്തിറങ്ങരുതെന്നാണ് പൊലീസും ആരോഗ്യവകുപ്പും പറഞ്ഞിരിക്കുന്നത്. ഇവരെ ഓഫിസിലേക്ക് കടത്തിവിട്ടത് നിയമ ലംഘനമാണെന്നാണ് പറയുന്നത്. തിങ്കളാഴ്ച മുതലാണ് ആദിച്ചനല്ലൂർ വില്ലേജിൽ പെട്ടവരിൽനിന്നും ഏറ്റെടുക്കുന്ന സ്ഥലം സംബന്ധിച്ച രേഖകൾ വാങ്ങിത്തുടങ്ങിയത്.
75 പേർ കഴിഞ്ഞദിവസം രേഖകൾ നൽകിയിരുന്നു. പത്തിലധികം രേഖകൾ നൽകേണ്ടതിനാൽ പലരും രേഖകളും സർട്ടിഫിക്കറ്റുകളും ശേഖരിക്കുന്നതിന് നെട്ടോട്ടത്തിലാണ്.
സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഹൈകോടതിയിലുള്ള കേസിൽ രേഖകൾ നൽകാൻ കഴിയാത്തവർ ബന്ധപ്പെട്ടവർക്ക് അപേക്ഷ നൽകിയാൽ മതിയെന്നായിരുന്നു കോടതി പറഞ്ഞത്. കോവിഡ് കാലത്ത് വിളിച്ചുവരുത്തി ആൾക്കൂട്ടം ഉണ്ടാക്കുന്നതിനെതിരെ ഭൂഉടമകൾ പരാതിയും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.