കൊട്ടിയം ജങ്ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷം
text_fieldsകൊട്ടിയം: ദേശീയപാത പുനർനിർമാണ ഭാഗമായി സർവിസ് റോഡുവഴി കൊല്ലം ഭാഗത്തേക്കുള്ള വാഹനങ്ങൾ കടത്തിവിട്ടുതുടങ്ങിയതോടെ കൊട്ടിയം ജങ്ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. വീതി കുറഞ്ഞ സർവിസ് റോഡിലൂടെ ഒച്ചിഴയും വേഗത്തിലാണ് ഇപ്പോൾ വാഹനങ്ങൾ കടന്നുപോകുന്നത്. വാഹനങ്ങൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നതിനിടയിൽ ഏതെങ്കിലും ഒരു വാഹനത്തിന്റെ എഞ്ചിൻ ഓഫായാൽ പിന്നാലെ വാഹനങ്ങളുടെ നീണ്ട നിര തന്നെയുണ്ടാകും. സർവിസ് റോഡിലൂടെ വാഹനങ്ങൾ കടത്തിവിട്ടുതുടങ്ങിയതോടെ ആംബുലൻസുകൾക്കും കയറിപ്പോകാൻ പറ്റാത്ത സ്ഥിതിയാണുള്ളത്. മയ്യനാട് റോഡിലൂടെ വരുന്ന വാഹനങ്ങൾക്ക് കണ്ണനല്ലൂർ റോഡിലേക്ക് പോകണമെങ്കിലും ഹോളിക്രോസ് ആശുപത്രിയിലേക്ക് പോകണമെങ്കിലും ഏറെ ചുറ്റേണ്ട അവസ്ഥയാണ്. ഏതാനും ദിവസം മുമ്പ് പരീക്ഷണാടിസ്ഥാനത്തിൽ വാഹനങ്ങൾ സർവിസ് റോഡ് വഴി കടത്തിവിട്ടത് വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടതിനെ തുടർന്ന് നിർത്തിയിരുന്നു. സർവിസ് റോഡിന്റെ വീതി അൽപം കൂട്ടിയ ശേഷമാണ് വീണ്ടും വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങിയത്. ചൊവ്വാഴ്ച കൊട്ടിയം ജങ്ഷനിലെ സർവിസ് റോഡിൽ വാഹനങ്ങളുടെ വലിയ നിരയാണ് കാണപ്പെട്ടത്. ഗതാഗതനിയന്ത്രണത്തിനായി ആവശ്യത്തിന് പൊലീസുകാർ ഇല്ലാത്തതും വാഹനങ്ങൾ ഇഴഞ്ഞുനീങ്ങാൻ ഇടയാക്കുന്നുണ്ട്. ഇങ്ങനെപോയാൽ ഈ മാസം നടക്കുന്ന പുലിച്ചിറ പള്ളിയിലെ പെരുന്നാൾദിനങ്ങളിൽ കൊട്ടിയം ജങ്ഷനിൽ വലിയ കുരുക്കുണ്ടാകാൻ സാധ്യതയുെണ്ടന്നാണ് നാട്ടുകാരും വ്യാപാരികളും പറയുന്നത്. കൊല്ലം ഭാഗത്തേക്കുള്ള സ്വകാര്യ ബസുകൾക്ക് നിർത്തി യാത്രക്കാരെ കയറ്റാൻ സംവിധാനം ഒരുക്കാത്തതും കുരുക്കിന് കാരണമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.