കൈയകലെ അപകടം; നടുക്കം മാറാതെ അഹമ്മദ് നിഹാൽ
text_fieldsകൊട്ടിയം: പാളം മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ തട്ടി മരിച്ച ദേവനന്ദ അവസാനമായി പറഞ്ഞ വാക്കുകൾ പ്ലസ് ടു വിദ്യാർഥിയായ അഹമ്മദ് നിഹാലിന്റെ മനസ്സിൽനിന്ന് മായുന്നില്ല. പാളത്തിൽ അകപ്പെട്ട ശ്രേയയെ രക്ഷപ്പെടുത്തിയപ്പോൾ കൈ ഉയർത്തി ‘എന്നെയും കൂടി ഒന്നു രക്ഷപ്പെടുത്തുമോ ചേട്ടാ’ എന്ന് ദേവനന്ദ പറഞ്ഞ വാക്കുകളാണ് നിഹാലിന്റെ മനസ്സിൽ നോവാകുന്നത്. തുടർന്ന് കൈ പിടിച്ച് നിഹാൽ പ്ലാറ്റ്ഫോമിലേക്ക് വലിച്ചുകയറ്റുന്നതിനിടെയാണ് പാഞ്ഞെത്തിയ ട്രെയിൻ ദേവനന്ദയുടെ ജീവനെടുത്തത്.
നിഹാലും സുഹൃത്തുക്കളായ സെയ്ദലി, ഇർഫാൻ, ഷാലു, സെയ്ദ് എന്നിവർ സ്കൂൾ വിട്ട് വീടുകളിലേക്ക് പോകുന്നതിനായി പാളംമുറിച്ചുകടന്ന് രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് കയറിയതിനുതൊട്ടുപിന്നിലായാണ് ദേവനന്ദയും ശ്രേയയും പാളത്തിൽ എത്തിയത്.
പെട്ടെന്ന് ട്രെയിൻ വരുന്നു, മാറിക്കോ എന്ന് ആരൊക്കെയോ വിളിച്ചുപറയുന്നതു കേട്ട് പ്ലാറ്റ്ഫോമിൽനിന്ന കുട്ടികൾ തിരിഞ്ഞുനോക്കിയപ്പോൾ കൊല്ലം ഭാഗത്തുനിന്ന് ട്രെയിൻ വരുന്നതാണ് കണ്ടത്. തുടർന്ന് ട്രാക്കിൽനിന്ന് പ്ലാറ്റ്ഫോമിലേക്ക് കയറാനുള്ള ശ്രമത്തിലായിരുന്നു ശ്രേയയും ദേവനന്ദയും. കാലിന്റെ ലിഗ്മെന്റിന് പരിക്കുണ്ടായിട്ടും നിഹാൽ ധൈര്യം സംഭരിച്ച് പാളത്തിൽ ഭയത്തോടെ നിൽക്കുകയായിരുന്ന പെൺകുട്ടികളെ രക്ഷപ്പെടുത്തുവാൻ തയാറാകുകയായിരുന്നു. ശ്രേയയെ പാളത്തിൽനിന്ന് വലിച്ചുകയറ്റി രക്ഷപെടുത്തി.
ദേവനന്ദയെ വലിച്ചുകയറ്റാനായിരുന്നു അടുത്തശ്രമം. എന്നാൽ, ബാഗിന്റെ വലുപ്പം മൂലം ദേവനന്ദയെ ഉയർത്തിക്കയറ്റാൻ നിഹാലിന് സാധിച്ചില്ല. അപ്പോഴേക്കും പാഞ്ഞെത്തിയ ട്രെയിൻ കുട്ടിയുടെ ജീവനെടുത്തു. കൈവിരൽതുമ്പിൽനിന്ന് ദേവനന്ദയെ മരണം തട്ടിയെടുത്തത് കാണേണ്ടിവന്നതിന്റെ ഞെട്ടലിലാണ് നിഹാലും ഒപ്പമുണ്ടായിരുന്നവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.