കൊട്ടിയത്ത് വസ്ത്രശാലയിൽനിന്ന് രണ്ട് ലക്ഷം കവർന്നു
text_fieldsകൊട്ടിയം: വസ്ത്രവിൽപനശാലയിൽ വൻ മോഷണം; രണ്ടുലക്ഷം രൂപ മോഷ്ടാവ് കവർന്നു. കൊട്ടിയം ജങ്ഷനിലുള്ള പ്രമുഖ വസ്ത്രശാലയിലാണ് വെള്ളിയാഴ്ച അർധരാത്രിയിൽ കവർച്ച നടന്നത്. മോഷണത്തിന്റെ ദൃശ്യങ്ങൾ കടക്കുള്ളിലെ നിരീക്ഷണ കാമറയിൽനിന്ന് പൊലീസിന് ലഭിച്ചു. മുകളിലത്തെ നിലയിലുള്ള ഷീറ്റ് പൊളിച്ച് അകത്തുകടന്നായിരുന്നു മോഷണം. കൗണ്ടർ കുത്തിത്തുറന്നാണ് പണം അപഹരിച്ചത്. കൗണ്ടറിൽനിന്ന് പണമെടുത്ത് തുണിയിൽ കെട്ടി പോകുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.
കടയുടെ മുന്നിൽ സുരക്ഷ ജീവനക്കാരനുണ്ടായിരുന്നെങ്കിലും പുറകുവശത്ത് മുകളിൽ കൂടി കയറിയതിനാലും മഴയുണ്ടായിരുന്നതിനാലും മോഷ്ടാവ് കടക്കുള്ളിൽ കടന്നത് സുരക്ഷ ജീവനക്കാരൻ അറിഞ്ഞിരുന്നില്ല.
വസ്ത്രവിൽപനശാല പ്രവർത്തിക്കുന്ന ബഹുനില കെട്ടിടത്തിലെ അഗ്നിരക്ഷാ സംവിധാനത്തിനുള്ള പൈപ്പ് വഴിയാകാം മോഷ്ടാവ് രക്ഷപ്പെട്ടതെന്ന് കരുതുന്നു. ശനിയാഴ്ച രാവിലെ കട തുറന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്.
കൊട്ടിയം പൊലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പരിസരത്തെ കടകളിൽ റോഡിലേക്കിരിക്കുന്ന നിരീക്ഷണ കാമറകൾ കൊട്ടിയം എസ്.ഐ സുജിത്തിന്റെ നേതൃത്വത്തിൽ പരിശോധിച്ചുവരികയാണ്.
സുരക്ഷ ജീവനക്കാരനിൽനിന്ന് പൊലീസ് വിവരം ശേഖരിച്ചു. കൗണ്ടർ കുത്തിത്തുറക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന ഉപകരണം പൊലീസിന് ലഭിച്ചതായും വിവരമുണ്ട്. മോഷ്ടാവിനെ പിടികൂടുന്നതിന് പൊലീസ് അന്വേഷണം ഊർജിതമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.